ശ്രീശാന്തിന് ആശ്വാസം, ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കി, ‘മറ്റു ശിക്ഷ ബിസിസിഐയ്ക്ക് തീരുമാനിക്കാം’

മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനെ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കി. അച്ചടക്ക നടപടിയും ക്രിമിനല്‍ കേസും രണ്ടെന്നും സുപ്രീം കോടതി നീരീക്ഷിച്ചു. ശിക്ഷാകാലായളവ് പുന:പരിശോധിക്കാന്‍ ബി.സി.സി.ഐയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. മൂന്നു മാസമാണ് ഇതിനായി കാലയളവ് നല്‍കിയത്. ശ്രീശാന്ത് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി.

ഇന്ത്യന്‍ ക്രിക്കറ്റിനെയാകെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു ശ്രീശാന്തിനെതിരായ ഒത്തുകളി വിവാദം. ഐപിഎല്ലില്‍ ചെന്നൈയുടേയും രാജസ്ഥാന്റേയും വിലക്കിലേക്ക് നയിച്ചതും ഇതേ സംഭവം തന്നെ. വിചാരണക്കോടതി ശ്രീയെ കുറ്റവിമുക്തനാക്കിയപ്പോഴും ബിസിസിഐയ്ക്ക് അത് അംഗീകരിക്കാനായിരുന്നില്ല.

വിചാരണക്കോടതി കുറ്റവിമുക്തനാക്കിയിട്ടും വിലക്ക് തുടരുന്ന ബി.സി.സി.ഐ നടപടി അനീതിയും ക്രൂരവുമാണെന്നാണ് ശ്രീശാന്തിന്റെ വാദം. ആറു വര്‍ഷത്തെ ദുരിതത്തിന് അറുതി വരുത്തണമെന്നായിരുന്നു ശ്രീശാന്തിന്റെ അഭ്യര്‍ഥന. 2013ലെ വാതുവയ്പ്പ് കേസില്‍ ഇപ്പോഴും തുടരുന്ന ബി.സി.സി.ഐ വിലക്കിനെയാണ് ശ്രീശാന്ത് ചോദ്യം ചെയ്യുന്നത്.

ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ അവസരമുണ്ടായിട്ടും പോകാന്‍ കഴിയുന്നില്ലെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിന് മുന്നില്‍ ശ്രീശാന്ത് പരാതിപ്പെട്ടു. രാജസ്ഥാന്‍ റോയല്‍സ് രണ്ടു വര്‍ഷത്തെ വിലക്ക് മാത്രമാണ് ഏര്‍പ്പെടുത്തിയത്. വാതുവയ്പ്പ് നടത്തിയെന്ന ആരോപണം കള്ളമാണെന്ന് വിചാരണകോടതിക്ക് വരെ ബോധ്യപ്പെട്ടു. കുറ്റം സമ്മതിക്കാന്‍ ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍ പീഡിപ്പിച്ചുവെന്നും ശ്രീശാന്ത് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, വാതുവയ്പ്പ് സംബന്ധിച്ച ദുരൂഹതകള്‍ പൂര്‍ണമായും നീക്കാന്‍ ശ്രീശാന്തിന് കഴിഞ്ഞിട്ടില്ലെന്നാണ് ബി.സി.സി.സി നിലപാട്. പത്തുലക്ഷം രൂപ വാങ്ങിയെന്ന ആരോപണത്തില്‍ ശ്രീശാന്തിന്റെ വിശദീകരം തൃപ്തികരമല്ലെന്നും ബി.സി.സി.ഐ വാദിച്ചു. കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ബിസിസിഐ വിലക്ക് ശരിവച്ചിരുന്നു. തുടര്‍ന്നാണ് ശ്രീശാന്ത് സുപ്രീംകോടതിയെ സമീപിച്ചത്.

മേയ് ഒന്‍പതിനു കിങ്സ് ഇലവന്‍ പഞ്ചാബിനെതിരായ കളിയില്‍ ഒത്തുകളിച്ചുവെന്നായിരുന്നു ആരോപണം. തന്റെ രണ്ടാംഓവറില്‍ പതിനാലോ അതിലധികമോ റണ്‍സ് വിട്ടുകൊടുക്കാമെന്നായിരുന്നു ശ്രീശാന്തിന്റെ വാഗ്ദാനം. തുടര്‍ന്ന് മേയ് 16നാണ് ഐപിഎല്‍ ഒത്തുകളി കേസില്‍ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജീത് ചാന്ദില, എന്നിവരെ ഒത്തുകളിക്കേസില്‍ അറസ്റ്റുചെയ്തു. തൊട്ടുപിന്നാലെ മൂവരേയും ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തു. ഒത്തുകളിക്ക് നേതൃത്വം നല്‍കിയത് താനാണെന്ന് മലയാളിയായ ജിജു ജനാര്‍ദനന്‍ സമ്മതിച്ചു. ശ്രീശാന്ത് 10 ലക്ഷം രൂപ വാതുവയ്പ്പുകാരില്‍ നിന്ന് മുന്‍കൂറായി കൈപറ്റിയെന്ന് ഡല്‍ഹി പൊലീസ് സ്ഥിരീകരിച്ചു. മെയ് 23ല്‍ ഐപിഎല്ലിലെ പണമൊഴുക്ക്, വിദേശ ബന്ധം എന്നിവയെക്കുറിച്ച് ഈഡിഅന്വേഷണം ആരംഭിച്ചു.