ശ്രീശാന്ത്-ഗംഭീര്‍ പോര്: ഷാരൂഖ് ഖാന്റെ സിനിമാ ഡയലോഗ് കടമെടുത്ത് ഹര്‍ഭജന്റെ പ്രതികരണം

ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ മലയാളി പേസര്‍ ശ്രീശാന്തും ഗൗതം ഗംഭീറും തമ്മിലുണ്ടായ തര്‍ക്കത്തില്‍ പ്രതികരിച്ച് ഇന്ത്യന്‍ മുന്‍ താരം ഹര്‍ഭജന്‍ സിംഗ്. വലിയ നഗരങ്ങളില്‍ ഇത്തരം ചെറിയ ചെറിയ കാര്യങ്ങളൊക്കെ ഉണ്ടാകുമെന്ന് ഷാരൂഖ് ഖാന്റെ സിനിമാ ഡയലോഗ് കടമെടുത്ത് ഹര്‍ഭജന്‍ പറഞ്ഞു.

മുമ്പ് ശ്രീശാന്തിന്റെ കരണത്തടിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് കഴിഞ്ഞുപോയ കാര്യമാണെന്നും ഇപ്പോള്‍ പറയേണ്ടതില്ലെന്നും ഹര്‍ഭജന്‍ പ്രതികരിച്ചു. അന്നത്തെ സംഭവത്തില്‍ തെറ്റ് എന്റെ ഭാഗത്തായിരുന്നു. അത് തുറന്നു പറയുന്നതില്‍ എനിക്ക് യാതൊരു മടിയുമില്ല.

എന്നാല്‍ ഇപ്പോള്‍ ശ്രീശാന്തിനും ഗംഭീറിനും ഇടയില്‍ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. ലെജന്‍ഡ്‌സ് ലീഗില്‍ മികച്ച മത്സരങ്ങളാണ് ഇത്തവണ നടന്നത്. അതിനെക്കുറിച്ച് സംസാരിക്കുന്നതാവും നല്ലത്- ഹര്‍ഭജന്‍ പറഞ്ഞു.

Read more

ബുധനാഴ്ച സൂറത്തില്‍ നടന്ന ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിനിടെയാണ് ശ്രീശാന്തും ഗംഭീറും തമ്മിലുള്ള വാക്കുതര്‍ക്കം ഉണ്ടാകുകയും അത് മൈതാനത്തിന് പുറത്തേയ്ക്ക് നീണ്ടതും. ഒത്തുകളിക്കാരനെന്ന് ഗംഭീര്‍ തന്നെ വിളിച്ചെന്നാണ് ശ്രീശാന്തിന്റെ ആരോപണം.