ഇടവേള ആവശ്യപ്പെട്ട് രോഹിത്ത് ശര്‍മ്മ

കേപ്ടൗണ്‍: ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പര കളിക്കുന്നത് താരങ്ങളുടെ പ്രകടനത്തെ വന്‍ തോതില്‍ ബാധിക്കുമെന്ന് ഇന്ത്യന്‍ താരം രോഹിത്ത് ശര്‍മ്മ. ഇരുപരമ്പരയ്ക്കിടയില്‍ കളിക്കാര്‍ക്ക് വിശ്രമം അനുവദിക്കുന്നകാര്യം ബിസിസിഐ പരിഗണിക്കണമെന്നും രോഹിത്ത് ആവശ്യപ്പെട്ടു.

ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ദക്ഷിണാഫ്രിക്കന്‍ കളിക്കാര്‍ക്ക് വീട്ടിലേക്ക് പോകാന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അനുമതി നല്‍കിയത് സൂചിപ്പിച്ചാണ് രോഹിത്ത് ശര്‍മ്മ ഇക്കാര്യം ആവശ്യപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ പര്യടനത്തിനു വന്ന ഇംഗ്ലണ്ട് ടീമും ഒരു പരമ്പരയ്ക്കുശേഷം ഇടവേള എടുത്തിരുന്നതായി രോഹിത് ചൂണ്ടിക്കാട്ടി

വിദേശ പര്യടനങ്ങള്‍ക്കു പോകുമ്പോള്‍ ഒന്ന്, രണ്ട് ഇടവേള ലഭിക്കണമെന്ന് കളിക്കാര്‍ ആഗ്രഹിക്കുന്നുണ്ട്. ഈ സമയത്ത് നാട്ടിലേക്കു പോയി കൂടുതല്‍ ഉണര്‍വോടെ അടുത്ത മത്സരത്തിനായി ഒരുങ്ങാനാകുമെന്നാണ് എന്റെ കണക്കുകൂട്ടല്‍” രോഹിത്ത് പറയുന്നു.

പര്യടനത്തിന് ഇടയ്ക്ക് ചെറിയൊരു വിശ്രമം അനുവദിക്കുന്നതു തന്നെയാണ് നല്ലത്. സാങ്കേതിക കാരണങ്ങളേക്കാള്‍ ഇതിനൊരു മാനസിക തലം കൂടിയുണ്ട്. ടെസ്റ്റിലും ഏകദിനത്തിലും കളിക്കേണ്ട രീതിയും ഷോട്ടുകളും വ്യത്യസ്തമാണ്. ചെറിയൊരു ഇടവേള ലഭിച്ചാല്‍ ഈ ശൈലീമാറ്റത്തിന് സ്വയം തയാറെടുക്കാന്‍ നമുക്കു കഴിയും. രോഹിത്ത് കൂട്ടിച്ചേര്‍ത്തു.

കളിക്കാരെ ഇത്രയേറെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടേണ്ട കാര്യമുണ്ടോയെന്ന കാര്യം ബിസിസിഐ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും ജൊഹന്നാസ് ടെസ്റ്റിലെ വിജയം അതിന് പ്രയോജനമാകുമെന്നും അദ്ദേഹം തുറന്ന് പറഞ്ഞു.