ആ രണ്ട് പേരെ സൂക്ഷിക്കുക; ടീം ഇന്ത്യയ്ക്ക് സച്ചിന്റെ മുന്നറിയിപ്പ്

ദക്ഷിണാഫ്രിക്കയില്‍ പരമ്പര കളിക്കുന്ന ഇന്ത്യന്‍ ടീമിന് ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മുന്നറിയിപ്പ്. ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ എബി ഡിവില്ലേഴ്‌സിനേയും ഹാഷിം അംലയേയും സൂക്ഷിക്കണമെന്നാണ് സച്ചിന്‍ ടീം ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. കളി മാറ്റി മറിക്കാന്‍ കെല്‍പുളളവരാണ് അവരെന്നാണ് സച്ചിന്‍ ഇരുതാരങ്ങളെയും വിലയിരുത്തുന്നത്.

ദക്ഷിണാഫ്രിക്കന്‍ പരമ്പര ഇന്ത്യയ്ക്ക് ശരിയ്ക്കും വെല്ലുവിളിയാകുമെന്നും സച്ചിന്‍ പറയുന്നു. വിരാട് കോഹ്ലി മികച്ച കളിക്കാരന്‍ തന്നെയാണ്. എന്നാല്‍ അദ്ദേഹത്തെ മാത്രം ആശ്രയിക്കുന്നത് അപകടമാണ്. മറ്റുള്ളവരും അവരവരുടെ റോള്‍ നിറവേറ്റണം. ടീം ഒറ്റക്കെട്ടായി പൊരുതിയാല്‍ മാത്രമേ ദക്ഷിണാഫ്രിക്കയെപ്പോലൊരു ടീമിനെ തോല്‍പ്പിക്കാനാകൂവെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

മികച്ച ടോട്ടല്‍ ഓരോ കളിക്കാരനും ലക്ഷ്യമിടണമെന്നും സച്ചിന്‍ ഉപദേശിക്കുന്നു. ഇത്രയും സന്തുലിതമായൊരു ഇന്ത്യന്‍ ടീം മുന്‍പുണ്ടായിട്ടില്ല. കപില്‍ദേവിന്റെ കാലത്തു പോലും ഇത്രയും പ്രതിഭയുള്ള കളിക്കാര്‍ ഇന്ത്യയ്ക്കുണ്ടായിട്ടില്ല. ഹാര്‍ദിക് പാണ്ഡ്യ ബഹുമുഖ പ്രതിഭയാണ്. 1718 ഓവര്‍ പന്തെറിയാനും ബാറ്റ് ചെയ്യാനും കഴിയുന്ന താരം. പാണ്ഡ്യ ടീമിനു മുതല്‍ക്കൂട്ടാണെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടുന്നു.

ദക്ഷിണാഫ്രിക്കയില്‍ മൂന്ന് ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ഏറെ നാള്‍ സ്വന്തം നാട്ടില്‍ കളിച്ച ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കന്‍ പരമ്പര വെല്ലുവിളിയാകും എന്നാണ് വിലയിരുത്തുന്നത്.