'SKY HAS NO LIMIT'; ടി-20യിൽ വീണ്ടും നാഴികക്കല്ല് പിന്നിട്ട് സൂര്യകുമാർ യാദവ്

കാൻബറയിൽ നടന്ന ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടീം ആദ്യ ടി 20 മത്സരത്തിൽ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ടി 20യിൽ 150-ാമത്തെ സിക്സറെന്ന നേട്ടത്തിലാണ് സൂര്യകുമാർ എത്തിച്ചേർന്നത്. അന്താരാഷ്ട്ര ടി 20യിൽ 150 സിക്സുകൾ നേടുന്ന നാലാമത്തെ താരമാണ് അദ്ദേഹം. 205 സിക്സുകളോടെ രോഹിത് ശർമയാണ് ഈ റെക്കോഡിൽ ഒന്നാമത്.

എന്നാൽ ആദ്യ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചു. മത്സരത്തിൽ മികച്ച തുടക്കം ലഭിച്ചു, അഭിഷേക് ശർമ തുടക്കത്തിൽ തന്നെ പുറത്തായെങ്കിലും വെറും 35 പന്തിൽ 62 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ടുമായി ശുഭ്മാൻ ഗില്ലും സൂര്യകുമാർ യാദവും ക്രീസിൽ നിലയുറച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ഇന്ത്യയുടെ ഇന്നിം​ഗ്സ് അഞ്ചാം ഓവറിലെത്തിയപ്പോഴാണ് ആദ്യം മഴയെത്തിയത്. ഏകദേശം അരമണിക്കൂറിനു ശേഷം, 18 ഓവറാക്കി മത്സരം ചുരുക്കി കളി പുനരാരംഭിച്ചു. എന്നാൽ 10–ാം ഓവറിൽ വീണ്ടും മഴയെത്തുകയായിരുന്നു. ഇതോടെ കളി വീണ്ടും മുടങ്ങി. ഒരു മണിക്കൂറിനു ശേഷവും മഴയ്ക്കു ശമനമില്ല.

കളി നിർത്തുമ്പോൾ, 9.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 97 റൺസെന്ന നിലയിലാണ് ഇന്ത്യ. ശുഭ്മാൻ ഗിൽ (20 പന്തില്‍ 37*), സൂര്യകുമാർ യാദവ് (24 പന്തിൽ 39*) എന്നിവരാണു ക്രീസിലുള്ളത്. 14 പന്തിൽ 19 റൺസാണ് അഭിഷേക് ശര്‍മ നേടിയത്.

Read more

ഇന്ത്യ വീണ്ടും ബാറ്റ് ചെയ്തില്ലെങ്കിൽ, അഞ്ച് ഓവർ മത്സരം നടത്താനുള്ള നീക്കം ഉണ്ടായിരുന്നു. അങ്ങനെ എങ്കിൽ ഓസ്ട്രേലിയയുടെ ഡി. എൽ. എസ് ലക്ഷ്യം 71 ആയിരുന്നു. ഈ മാസം 31 നാണ് പരമ്പരയിലെ അടുത്ത മത്സരം.