സിറാജിനെ കളിയിലെ കേമനാക്കിയില്ല, കാരണം പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം

ലോര്‍ഡ്‌സില്‍ കളിയുടെ സമസ്ത തലങ്ങളിലും ഇംഗ്ലണ്ടിനെ കടത്തിവെട്ടിയാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരും ബോളര്‍മാരും ഒരുപോലെ തിളങ്ങിയപ്പോള്‍ മാന്‍ ഓഫ് മാച്ചിനുള്ള മത്സരവും കടുത്തു. രണ്ടാം ടെസ്റ്റില്‍ ആകെ എട്ട് വിക്കറ്റ് പിഴുത പേസര്‍ മുഹമ്മദ് സിറാജ് കളിയിലെ കേമനാകുമെന്നാണ് കരുതപ്പെട്ടത്. എന്നാല്‍ ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടിയ ഓപ്പണര്‍ കെ.എല്‍. രാഹുലിന് പ്ലേയര്‍ ഓഫ് മാച്ച് പുരസ്‌കാരം സമ്മാനിച്ചപ്പോള്‍ ചിലരൊക്കെ നെറ്റിചുളിച്ചു. എന്തുകൊണ്ടാണ് സിറാജിനെ പിന്തള്ളി രാഹുല്‍ മാന്‍ ഓഫ് ദ മാച്ചായതെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സാബ കരീം.

തീര്‍ച്ചയായും സിറാജ് മാന്‍ ഓഫ് ദ മാച്ചിനുള്ള മത്സരാര്‍ത്ഥിയായിരുന്നു. പക്ഷേ, രാഹുലിന്റെ ബാറ്റിംഗ് വേറിട്ടുനില്‍ക്കുന്നതായി. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ബാറ്റ് ചെയ്യാന്‍ നിയോഗിക്കപ്പട്ടെ ഇന്ത്യക്കായി രോഹിത്തിനൊപ്പം രാഹുല്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കി. തുടക്കത്തില്‍ രാഹുല്‍ മെല്ലെയാണ് കളിച്ചത്. എന്നാല്‍ രോഹിത് പുറത്തായശേഷം സ്‌കോറിംഗിന്റെ വേഗം കൂട്ടി. ഇന്ത്യന്‍ സ്‌കോറിന് അടിത്തറ പാകിയത് രാഹുലാണ്- സാബ കരീം പറഞ്ഞു.

350 റണ്‍സിലധികം നേടുമ്പോഴെല്ലാം ഇന്ത്യയുടെ ജയസാധ്യതയേറുന്നെന്ന കാര്യം നമ്മള്‍ പലകുറി ചര്‍ച്ച ചെയ്തതാണ്. ഇക്കുറി ആ ലക്ഷ്യം നേടുന്നതില്‍ രാഹുല്‍ വലിയ പങ്കുവഹിച്ചു. മറ്റു ബാറ്റ്‌സ്മാന്മാര്‍ കളിക്കാന്‍ പ്രയാസപ്പെട്ട പിച്ചില്‍ രാഹുലും ജോ റൂട്ടും മാത്രമേ സെഞ്ച്വറി നേടിയുള്ളൂ. അതായിരിക്കാം രാഹുലിനെ മാന്‍ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കാന്‍ കാരണം- കരീം വിലയിരുത്തി.