കളത്തിനു പുറത്ത് ഞെട്ടിച്ച് ധവാന്‍, താരത്തിന്റെ അപ്രതീക്ഷിത നീക്കത്തില്‍ അമ്പരന്ന് ആരാധകര്‍

ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് നില്‍ക്കെ കളത്തിന് പുറത്തും മികച്ച നീക്കവുമായി ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. താരം സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പിങ്ക് വില്ലയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

‘ശിഖര്‍ ധവാന് എല്ലായ്പ്പോഴും അഭിനേതാക്കളോട് വലിയ ബഹുമാനമുണ്ടായിരുന്നു, ഈ ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ശിഖര്‍ കഥാപാത്രത്തിന് അനുയോജ്യമാണെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ കരുതുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തെ സമീപിച്ചു. ഇതൊരു മുഴുനീള വേഷമാണ്, ഒരു അതിഥി വേഷമല്ല. ഈ വര്‍ഷം റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു’ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

സിനിമയുടെ പേര് സംബന്ധിച്ച വ്യക്തതയില്ല. ചിത്രീകരണം പൂര്‍ത്തിയായെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനായി കളിച്ച് കൊണ്ടിരിക്കുകയാണ് താരം. ഈ സീസണില്‍ 13 മത്സരങ്ങളില്‍ നിന്ന് 421 റണ്‍സ് താരം നേടിയിട്ടുണ്ട്. മൂന്ന് അര്‍ദ്ധ സെഞ്ച്വറികളും ഇതിലുള്‍പ്പെടും.

വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ ധവാന്‍ ടീമിന്റെ നായകനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖ സീനിയര്‍ താരങ്ങള്‍ക്ക് ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പായി വിശ്രമം അനുവദിക്കുന്ന സാഹചര്യത്തിലാണ് ധവാനിലേക്ക് നായക ഉത്തരവാദിത്വം വന്നെത്തുക.