ആ ഒരാളെ കണ്ടെത്താനാകാതെ പോയത് തിരിച്ചടിയായി: ശാസ്ത്രി

ലോക കപ്പില്‍ സെമിഫൈനലില്‍ തോറ്റതിന് പിന്നാലെ ആദ്യമായി മനസ്സ് തുറന്ന് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. പുറത്താകലില്‍ വേദനയുണ്ടെങ്കിലും ഏറെ അഭിമാനത്തോടെയാണ് തങ്ങള്‍ മടങ്ങുന്നതെന്ന് ശാസ്ത്രി പറഞ്ഞു.

‘സെമിയിലെ പുറത്താകല്‍ വേദനിപ്പിച്ചു, നിരാശയുണ്ട്, എന്നാല്‍ കരയില്ല. ടീം ഇന്ത്യ കരുത്തുറ്റ സംഘമാണ്. കഴിഞ്ഞ 30 മാസക്കാലം മികച്ച പ്രകടനമാണ് ടീം കാഴ്ചവെച്ചത്. നമ്മള്‍ ബൗള്‍ ചെയ്ത രീതി നോക്കുക, ബാറ്റ് ചെയ്തതും കാണുക. ടീം ശരിയായ പാതയിലാണ്, തലയുയര്‍ത്തി ഇന്ത്യന്‍ ടീമിന് മടങ്ങാം. കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തെ ഏറ്റവും മികച്ച ടീമാണിത്. അത് എല്ലാവര്‍ക്കുമറിയാം. ഒരു ടൂര്‍ണമെന്റോ, സീരിസോ ഒന്നുമല്ല അതിന്റെ അളവുകോല്‍. നിരാശയുണ്ടെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തെ പ്രകടനത്തെയോര്‍ത്ത് ടീം ഇന്ത്യക്ക് അഭിമാനിക്കാമെന്നും’ രവി ശാസ്ത്രി പറഞ്ഞു.

ഒരു മികച്ച മധ്യനിര ബാറ്റ്സ്മാന്റെ അഭാവമാണ് ടീമില്‍ നിഴലിക്കുന്നതെന്നാണ് ശാസ്ത്രിയുടെ നിരീക്ഷണം. നല്ലൊരു ബാറ്റ്സ്മാന് മധ്യനിര ശക്തിപ്പെടുത്താന്‍ കഴിയും. ഭാവിയില്‍ അങ്ങിനെയൊരാളെ ലഭിക്കുമെന്നാണ് പ്രതീക്ഷ. ശിഖര്‍ ധവാന് പരിക്കേറ്റത് കാര്യങ്ങള്‍ കുഴപ്പത്തിലാക്കി. നാലാം നമ്പറില്‍ കളിക്കേണ്ടിയിരുന്ന രാഹുലിന് ഓപ്പണറാകേണ്ടി വന്നു. വിജയ് ശങ്കറിന് പരിക്കേറ്റതും തിരിച്ചടിയായെന്ന് ശാസ്ത്രി വിലയിരുത്തി.

മായങ്ക് അഗര്‍വാളിനെ ഓപ്പണറാക്കി രാഹുലിനെ നാലാം നമ്പറാക്കാന്‍ ആലോചനയുണ്ടായിരുന്നതായി കോച്ച് പറയുന്നുണ്ട്. എന്നാല്‍, മായങ്ക് ടീമിനൊപ്പം ചേര്‍ന്നയുടന്‍ അത് അസാധ്യമായിരുന്നു. ഒന്നോ രണ്ടോ ദിവസം കൂടി സെമി കളിക്കാന്‍ ലഭിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും അത്തരമൊരു നീക്കത്തിന് പ്രാധാന്യമുണ്ട്. രാഹുല്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ടായിരുന്നെന്നും രവി ശാസ്ത്രി പറഞ്ഞു.