ശര്‍ദുല്‍ താക്കൂറിന് താരപരിവേഷമില്ല, ടീമില്‍ സ്ഥാനം ഉറപ്പില്ല

ശര്‍ദുല്‍ താക്കൂറിന് താരപരിവേഷമില്ല, ടീമില്‍ സ്ഥാനം ഉറപ്പില്ല, 20 മാച്ചുകള്‍ക്കിടയില്‍ 2 ഇന്നിങ്‌സില്‍ തിളങ്ങിയാലും ടീമില്‍ സ്ഥാനമുറപ്പിക്കുന്നവരെപ്പോലെ പാടി നടക്കാന്‍ പാണന്‍ പാട്ടുകളുമില്ല.

അതു കൊണ്ട് തന്നെ വിദേശ പിച്ചില്‍ ഒരു ഇന്ത്യന്‍ സീമറുടെ ഏറ്റവും മികച്ച ഒരു പ്രകടനം നടത്തിയിട്ടും, അവസരം കിട്ടിയ എല്ലാ സമയത്തും ബൗളിങ്ങിലും ബാറ്റിങ്ങിലും ഏറ്റവും മികച്ചത് പുറത്തെടുത്തിട്ടും അടുത്ത മാച്ചില്‍ അയാള്‍ക്ക് സ്ഥാനമുറപ്പിക്കാനും പറ്റില്ല. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടിയിട്ടും ടീമിലൊരു സ്ഥാനത്തിനു വേണ്ടി ആനത്തഴമ്പുള്ളവരുടെ ദയാവായ്പിന് കാത്തിരിക്കേണ്ട കാലഘട്ടത്തില്‍ വ്യത്യസ്തനായി നില കൊള്ളാന്‍ ഇതു പോലുള്ള പ്രകടനങ്ങള്‍ അയാള്‍ക്ക് പുറത്തെടുത്തേ പറ്റൂ.

Image

ബുംറ, ഷമി, സിറാജുമാര്‍ ഉള്‍പ്പെട്ട പേസ് ത്രയങ്ങള്‍ക്കിടയില്‍ ക്യാപ്റ്റന്‍ ഒരു വേള മറന്നു പോയി എന്ന് പോലും തോന്നിപ്പിച്ച നിമിഷങ്ങളില്‍ കൂട്ടുകെട്ടുകള്‍ പൊളിക്കുന്ന തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അയാള്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ്. അരങ്ങേറ്റ ടെസ്റ്റില്‍ ഗ്രൗണ്ടിലിറങ്ങിയ ഉടനെ പരിക്കേറ്റ് പുറത്തു പോകുക, സച്ചിന്‍ ടെണ്ടുല്‍ക്കറിന് മാത്രം കല്‍പ്പിച്ച് നല്‍കിയ 10 ആം നമ്പര്‍ ജേഴ്‌സി അണിഞ്ഞ് ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ടക്കേടിന് പാത്രമാവുക.

Image

ശര്‍ദ്ദൂലിന്റെ കഷ്ടകാലം കഴിഞ്ഞിരിക്കുന്നു. തന്റെ പരിമിതികള്‍ കൃത്യമായി മനസിലാക്കി അയാള്‍ കഴിവുകളെ തേച്ച് മിനുക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്നും ഇന്ത്യക്ക് അന്യമായ ഫാസ്റ്റ് ബോളിങ് ഓള്‍റൗണ്ടറുടെ അഭാവം ചെറിയ രീതിയിലെങ്കിലും പരിഹരിക്കാന്‍ പറ്റുന്ന, പാര്‍ട്ണര്‍ഷിപ്പ് ബ്രേക്കറായ ബൗളറെ തന്നെയാണ് ഇന്ത്യക്ക് ഇന്ന് വേണ്ടതും. പണി അറിയാം, പക്ഷെ പണി കിട്ടുമോ എന്ന കാര്യത്തിലാണ് ആശങ്ക.