98 നില്‍ക്കെ ഷനകയെ മങ്കാദ് ചെയ്ത് ഷമി, അപ്പീല്‍ ചെയ്യാതെ രോഹിത്; കാരണം വെളിപ്പെടുത്തി താരം

സമീപകാലത്ത് ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ ഒരു വിവാദമുണ്ടെങ്കില്‍ അത് ബൗളിംഗ് സമയത്ത് നോണ്‍-സ്‌ട്രൈക്കറെ പുറത്താക്കുന്ന ബൗളറുടെ നിയമസാധുതയാണ്. ഇന്നലെ നടന്ന ഇന്ത്യ-ശ്രീലങ്ക മത്സരത്തിലും മങ്കാദ് നടന്നെങ്കിലും, നായകന്‍ രോഹിത് ശര്‍മ്മയുടെ ഇടപെടലില്‍ വിവാദമാകാതെ രംഗം ശാന്തമായി.

വെറ്ററന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിയാണ് ഇത്തവണ മങ്കാദിംഗ് നടത്തിയത്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മത്സരത്തിന്റെ അവസാന ഓവറില്‍ 98 റണ്ണുമായി നോണ്‍സ്ട്രൈക്കര്‍ എന്‍ഡിലായിരുന്ന ദസുന്‍ ഷനകയാണ് ക്രീസില്‍ നിന്ന് പുറത്തുകടന്നത്. ഇതോടെ ഷമി തന്റെ ബോളിംഗ് ആക്ഷന്‍ പാതിവഴിയില്‍ നിര്‍ത്തി നോണ്‍സ്ട്രൈക്കറുടെ എന്‍ഡില്‍ ബെയില്‍സ് ഇളക്കി.

എന്നാല്‍, സ്പോര്‍ട്സ്മാന്‍ഷിപ്പിന്റെ മനോഹാരിത കണ്ട നിമിഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഉടന്‍ തന്നെ അപ്പീല്‍ പിന്‍വലിച്ചു. മത്സരത്തില്‍ ഷനക സെഞ്ച്വറി നേടുകയും ചെയ്തു. മനോഹരമായി ബാറ്റ് ചെയ്യുന്ന ഷനകയെ 98 ന് ഇത്തരത്തില്‍ പുറത്താക്കാന്‍ ആഗ്രഹിക്കാത്തതിനാലാണ് താന്‍ അപ്പീല്‍ പിന്‍വലിച്ചതെന്ന് മത്സരത്തിന് ശേഷം രോഹിത് ശര്‍മ്മ പറഞ്ഞു.

എനിക്കറിയില്ല ഷമി എന്തിനാണ് അങ്ങനെ ചെയ്തതെന്ന്. അവന്‍ അത്രയും നന്നായി 98* ഇല്‍ ബാറ്റ് ചെയ്ത് നില്‍ക്കുമ്പോള്‍ അവനെ ഔട്ട് ആക്കേണ്ട രീതി അതല്ലെന്ന് തോന്നി. അവന്റെ വിധി അവനു തന്നെ വിട്ടുകൊടുത്തു, ഞങ്ങള്‍ക്ക് അവനെ പുറത്താക്കേണ്ട രീതി ഇതായിരുന്നില്ല. ആ രീതിയില്‍ അവനെ ഔട്ട് ആക്കാനും കഴിഞ്ഞില്ല. അവന്‍ വളരെ നന്നായി കളിച്ചു. മികച്ച ഒരുന്നിംഗ്‌സ് ആയിരുന്നു അത്- രോഹിത് പറഞ്ഞു.