വേഗത്തില്‍ എറിഞ്ഞാല്‍ മികച്ച ബോളറാകില്ല; ഉമ്രാനെയും കിവീസ് താരത്തെയും പരിഹസിച്ച് ഷഹീന്‍ അഫ്രീദി

ഐപിഎല്ലില്‍ ബോളിംഗ് വേഗത്തില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തിയ കിവീസ് പേസര്‍ ലോക്കി ഫെര്‍ഗൂസനെയും ഉമ്രാന്‍ മാലിക്കിനെയും പരിഹസിച്ച് പാക് യുവപേസര്‍ ഷഹീന്‍ അഫ്രീദി. ഐപിഎല്ലിലെ ഉമ്രാന്റെയും ഫെര്‍ഗൂസന്റെയും വേഗതയേറിയ പന്തുകളെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തര നല്‍കവേയാണ് പാക് പേസറുടെ പ്രതികരണം.

‘ലൈനും ലെങ്തുമില്ലാതെ പന്ത് അതിവേഗത്തിലെറിഞ്ഞിട്ട് എന്ത് കാര്യം? എന്റെ അഭിപ്രായത്തില്‍ വേഗതകൊണ്ട് ഒരു കാര്യവുമില്ല. കൃത്യമായി ലൈനും ലെങ്തും പാലിച്ച് എറിഞ്ഞാല്‍ ഏത് ബാറ്ററെയും വീഴ്ത്താം. അവിടെയാണ് ഒരു ബോളറുടെ കഴിവ് പ്രകടമാകുന്നത്. വേഗതകൂട്ടാനായി ഞാന്‍ ശ്രമിക്കാറില്ല. ഫിറ്റ്നസില്‍ ശ്രദ്ധിക്കും’ ഷഹീന്‍ പറഞ്ഞു.

സമകാലിക ക്രിക്കറ്റിലെ ഏറ്റവും ഉജ്വല പേസര്‍മാരെന്നു വിശേഷിപ്പിക്കാവുന്ന താരങ്ങളിലൊരാളാണ് ഷഹീന്‍ അഫ്രീദി. ഐസിസിയുടെ ഏറ്റവും മികച്ച താരത്തിനുള്ള സര്‍ ഗര്‍ഫീല്‍ഡ് സോബേഴ്‌സ് പുരസ്‌കാരം 2021ല്‍ സ്വന്തമാക്കിയ താരമാണു ഷഹീന്‍ അഫ്രീദി.

കഴിഞ്ഞ വര്‍ഷം 36 രാജ്യാന്തര മത്സരങ്ങളില്‍ 22.20 ശരാശരിയില്‍ 78 വിക്കറ്റുകളാണ് ഷഹീന്‍ വീഴ്ത്തിയത്. കഴിഞ്ഞ ടി20 ലോക കപ്പില്‍ പാകിസ്ഥാനെ സെമി ഫൈനലില്‍ എത്തിച്ചതില്‍ നിര്‍ണായകമായതും ഷഹീന്‍ അഫ്രീദിയുടെ പ്രകടനമാണ്.

ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയ്‌ക്കെതിരായ 3 വിക്കറ്റ് പ്രകടനം അടക്കം, 6 കളിയില്‍ 7 വിക്കറ്റാണ് ഷഹീന്‍ സ്വന്തമാക്കിയത്.