ഷാരൂഖ് സൂപ്പര്‍ സ്റ്റാര്‍; മുഷ്താഖ് അലിയില്‍ തമിഴ്‌നാട് ജേതാക്കള്‍

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 കിരീടം തമിഴ്‌നാട് നിലനിര്‍ത്തി.വാശിയേറിയ ഫൈനലില്‍ അയല്‍ക്കാരായ കര്‍ണാടകയെ നാല് വിക്കറ്റ് കീഴടക്കിയാണ് തമിഴ്‌നാട് കിരീടം കാത്തത്. സയ്യിദ് മുഷതാഖ് അലി ട്രോഫിയില്‍ തമിഴ്‌നാട് ചാമ്പ്യന്‍മാരാകുന്നത് ഇതു മൂന്നാം തവണയും. സ്‌കോര്‍: കര്‍ണാടക-151/7 (20 ഓവര്‍). തമിഴ്‌നാട്- 153/6 (20).

പ്രതീക് ജെയ്‌നിനെ അവസാന പന്തില്‍ സിക്‌സര്‍ പറത്തി ഷാരൂഖ് ഖാനാണ് (15 പന്തില്‍ 33 നോട്ടൗട്ട്, ഒരു ഫോര്‍, മൂന്ന് സിക്‌സ്) തമിഴ്‌നാടിന് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചത്. 20-ാം ഓവറില്‍ പതിനാറ് റണ്‍സാണ് തമിഴ്‌നാടിന് വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ സായി കിഷോര്‍ (6 നോട്ടൗട്ട്) ബൗണ്ടറി നേടി. പിന്നീട് അഞ്ച് പന്തുകളില്‍ ഏഴ് റണ്‍സ് പിറന്നു. അവസാന പന്തില്‍ ജയിക്കാന്‍ അഞ്ച് വേണ്ടിയിരുന്നപ്പോഴാണ് ഷാരൂഖ് സിക്‌സര്‍ പൊക്കിയത്. ഹരി നിഷാന്ത് (23), എന്‍. ജഗദീശന്‍ (41), ക്യാപ്റ്റന്‍ വിജയ് ശങ്കര്‍ (18) എന്നിവരും തമിഴ്‌നാടിനായി തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തു. കര്‍ണാടകയ്ക്കായി കെ.സി. കരിയപ്പ രണ്ട് വിക്കറ്റ് പിഴുതു.


ആദ്യം ബാറ്റ് ചെയ്ത കര്‍ണാടകയെ മൂന്ന് വിക്കറ്റ് കൊയ്ത സായി കിഷോറാണ് പിടിച്ചുകെട്ടിയത്. എങ്കിലും അഭിനവ് മനോഹര്‍ (46), പ്രവീണ്‍ ദുബെ (33), ജെ. സുചിത് (ഏഴ് പന്തില്‍ 18, ഒരു ഫോര്‍, ഒരു സിക്‌സ്) എന്നിവര്‍ കര്‍ണാടകയെ മാന്യമായ സ്‌കോറിലെത്തിച്ചു. സൂപ്പര്‍ താരങ്ങളായ കരുണ്‍ നായരും (18) മനീഷ് പാണ്ഡെയും (13) വലിയ സ്‌കോര്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടത് കര്‍ണാടകയെ പിന്നോട്ടടിച്ചു. തമിഴ്‌നാടിന്റെ മലയാളി പേസര്‍ സന്ദീപ് വാര്യര്‍ക്കും ടി. നടരാജനും സഞ്ജയ് യാദവിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.