നാലു റണ്ണൗട്ടില്‍ കഥ കഴിച്ചു ; അവസാനത്തെ ഒറ്റ റണ്ണൗട്ടില്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റില്‍ ചരിത്രം കുറിച്ചു

ഒരേയൊരു റണ്ണൗട്ടില്‍ അണ്ടര്‍ ലോകകപ്പ് ക്രിക്കറ്റില്‍ പുതിയ ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന്റെ കൗമാരപ്പട. ക്വാര്‍ട്ടറില്‍ കരുത്തരായ ശ്രീലങ്കയെ മലര്‍ത്തിയടിച്ചത് അവസാന പന്തിലെ റണ്ണൗട്ടില്‍. വിജയം വെറും അഞ്ചു റണ്‍സ് അകലെ നില്‍ക്കുമ്പോള്‍ ശ്രീലങ്കയുടെ 11 ാമന്‍ ട്രവീണ്‍ മാത്യൂ റണ്ണൗട്ടായി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്റെ ചെറിയ സ്‌കോര്‍ ചേസ് ചെയ്യുന്നതിനിടയില്‍ ലങ്കന്‍ ഇന്നിംഗ്‌സിലെ നാലു റണ്ണൗട്ടുകള്‍ കളി തീരുമാനമാക്കി.

റണ്‍സ് നേടാന്‍ ശ്രീലങ്ക പാടുപെട്ടപ്പോള്‍ ആദ്യ വിക്കറ്റും അവസാന വിക്കറ്റും കൊഴിഞ്ഞത് റണ്ണൗട്ടില്‍. ഓപ്പണര്‍ ചാമിന്ദ വിക്രമസിംഗേ 16 റണ്‍സില്‍ നില്‍ക്കുമ്പോള്‍ ഇജാസ് അഹമ്മദ്‌സായിയുടെ ത്രോയില്‍ റണ്ണൗട്ടായി. അവസാന വിക്കറ്റ് ട്രീണ്‍ മാത്യൂവിനെ നവീദ് സര്‍ദ്രാനും നാംഗയാലിയ ഖരോട്ടെയും ചേര്‍ന്ന് റണ്ണൗട്ടാക്കി. മദ്ധ്യനിരയില്‍ ശകുനലിയാഗേയും റണ്ണൗട്ട് ആകുകയായിരുന്നു. നൂര്‍ അഹമ്മദും മൊ്ഹമ്മദ് ഇഷാഖും ചേര്‍ന്നായിരുന്നു ഈ റണ്ണൗട്ട് ഉണ്ടാക്കിയത്.

വാലറ്റത്ത് യാസിറു റോഡ്രിഗോയും റണ്ണൗട്ടായി. നാംഗെയാലിയയും അബ്ദുല്‍ ഹാദിയും ആയിരുന്നു ഈ റണ്ണൗട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനെ 134 റണ്‍സിന് പുറത്താക്കാന്‍ ശ്രീലങ്കയ്ക്ക് കഴിഞ്ഞിരുന്നെങ്കിലും 46 ഓവറില്‍ 130 റണ്‍സിന് ലങ്കയെ അഫ്ഗാനും പുറത്താക്കി. അഫ്ഗാനിസ്ഥാന്റെ 2.84 റണ്‍റേറ്റിനെതിരേ ശ്രീലങ്കയ്ക്ക് നേടാനായത് 2.82 റണ്‍റേറ്റായിരുന്നു. ലങ്കന്‍ നിരയിലെ ടോപ് സ്‌കോറര്‍ 34 റണ്‍സ് എടുത്ത നായകന്‍ ദുനിത് വാലലാഗേയായിരുന്നു. ആദ്യമായിട്ടാണ് അഫ്ഗാനിസ്ഥാന്‍ ഐസിസിയുടെ ഏതെങ്കിലും ഒരു ടൂര്‍ണമെന്റിലെങ്കിലും സെമി ഫൈനലില്‍ കളിക്കുന്നത്.