ഒരവസരംകൂടി നല്‍കിയശേഷം അവനെ പുറത്താക്കാമെന്ന് സെവാഗ്

ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര കളിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം നേരിട്ട ഏറ്റവും വലിയ പ്രശ്‌നമായിരുന്നു മധ്യനിര ബാറ്റ്‌സ്മാന്‍ അജിന്‍ക്യ രഹാനെയുടെ താളപ്പിഴ. രഹാനെയെ ടീമില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമാണ്. പക്ഷേ, ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് രഹാനെയ്ക്ക് ഒരവസരംകൂടി നല്‍കണമെന്ന അഭിപ്രായക്കാരനാണ്.

വിദേശ പര്യടനം നാല് വര്‍ഷത്തിലൊരിക്കല്‍ വരുന്നതാണ്. അവിടെ മോശം പ്രകടനം നടത്തിയ ബാറ്റ്‌സ്മാനും നാട്ടിലെ പരമ്പരയില്‍ ഒരവസരംകൂടി നല്‍കണം. സ്വന്തം മണ്ണിലും ഫോം വീണ്ടെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ ടീമില്‍ നിന്ന് പുറത്താക്കാം- സെവാഗ് പറഞ്ഞു.

മഹാന്‍മാരായ കളിക്കാരില്‍ ചിലര്‍ തുടര്‍ച്ചയായ എട്ട്, ഒമ്പത് ഇന്നിംഗ്‌സുകളില്‍ ഒരു ഫിഫ്റ്റി പോലും നേടാതെ പരാജയപ്പെടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്നിട്ടും അവരെ ടീമില്‍ നിലനിര്‍ത്തിയിരുന്നു. പിന്നീട് അവര്‍ നന്നായി കളിക്കുകയും ടെസ്റ്റില്‍ ഒരു വര്‍ഷം 1200-1500 റണ്‍സ് വരെ നേടുകയും ചെയ്തു.

എല്ലാവര്‍ക്കും മോശംകാലമുണ്ട്. മോശം സമയത്ത് ഒരു കളിക്കാരനോട് ഏതു തരത്തിലാണ് പെരുമാറുന്നത് എന്നതിലാണ് കാര്യം. അയാളെ പിന്തുണയ്ക്കുമോ തള്ളിക്കളയുമോ. അജിന്‍ക്യ രഹാനെയ്ക്ക് ഇന്ത്യയില്‍ നടക്കുന്ന അടുത്ത പരമ്പരയില്‍ അവസരം നല്‍കണം. നന്നായി കളിച്ചില്ലെങ്കില്‍ ടീമില്‍ നിന്ന് ഒഴിവാക്കാം- സെവാഗ് കൂട്ടിച്ചേര്‍ത്തു.