ശ്രീലങ്കന്‍ പര്യടനം: ദേവ്ദത്തിന് പുറമേ സഞ്ജുവിന്റെ കാര്യവും തീരുമാനമായി

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യയുടെ വിക്കറ്റ് ആര് കാക്കും എന്നതാണ് നിലനില്‍ക്കുന്ന ഒരു പ്രധാന ചര്‍ച്ച. മലയാളി താരം ദേവ്ദത്ത് പടിക്കലും മുംബൈ താരം ഇഷാന്‍ കിഷനുമാണ് ഈ സ്ഥാനത്തേക്ക് പോരടിക്കുന്നത്. ഇപ്പോഴിതാ ഇക്കര്യത്തില്‍ സഞ്ജുവിന് തന്റെ പിന്തുണ അറിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍താരം മുഹമ്മദ് കൈഫ്.

“അനുഭവസമ്പത്തിനു തന്നെയായിരിക്കും ഏകദിനത്തില്‍ മുന്‍തൂക്കമുണ്ടാവുക. ഏകദിന പരമ്പരയിലെ തുടക്കത്തിലെ മല്‍സരങ്ങളില്‍ സഞ്ജുവിനായിരിക്കും മുന്‍തൂക്കം. സഞ്ജു സാംസണ്‍ കുറച്ചു വര്‍ഷങ്ങളായി ഇവിടെയുണ്ട്. ഇന്ത്യക്കു വേണ്ടി അദ്ദേഹം നേരത്തേ കളിക്കുകയും ചെയ്തു. ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ പര്യടനങ്ങളിലും സഞ്ജുവുണ്ടായിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനുമാണ് അദ്ദേഹം” കൈഫ് പറഞ്ഞു.

കുല്‍ദീപും ചഹലും ലങ്കയില്‍ ഒരേ പ്ലെയിങ് ഇലവനില്‍ കളിച്ചേക്കുമെന്നും കൈഫ് അഭിപ്രായപ്പെട്ടു. ഏറെക്കാലമായി ഇരുവരും ഒരുമിച്ച് കളിച്ചിട്ടില്ല. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിലാണ് ഇരുവരും അവസാനം ഒരുമിച്ചത്.

നായകന്‍ ശിഖര്‍ ധവാനൊപ്പം ഓപ്പണിംഗില്‍ പൃഥ്വി ഷാ ഇറങ്ങും. പുതുമുഖങ്ങളായ ദേവ്ദത്ത് പടിക്കല്‍, ഋതുരാജ് ഗെയ്ക്ക്വാദ് എന്നിവരെ മറികടന്നാണ് ഷായുടെ വരവ്. ദേവ്ദത്തിനും റുതുരാജിനും അവസരത്തിനായി കാത്തിരിക്കേണ്ടി വരുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.