ഇഷാന്‍ മാത്രമല്ല അവസരം നല്‍കിയാല്‍ സഞ്ജുവും അടിക്കും ഡബിള്‍; ഓര്‍മ്മിപ്പിച്ച് പാക് താരം

മതിയായ അവസരങ്ങള്‍ നല്‍കിയാല്‍ ഇഷാന്‍ കിഷന്‍ മാത്രമല്ല സഞ്ജു സാംസണും ഇന്ത്യക്കു വേണ്ടി മികച്ച ഇന്നിംഗ്‌സുകള്‍ കളിക്കുമെന്ന് പാകിസ്ഥാന്‍ മുന്‍ താരം ഡാനിഷ് കനേരിയ. കഴിവുറ്റ ക്രിക്കറ്ററാണ് സഞ്ജുവെന്നും ഡബിള്‍ സെഞ്ച്വറി നേടാനുള്ള മിടുക്ക് അദ്ദേഹത്തിനുണ്ടെന്നും കനേരിയ പറഞ്ഞു.

ഇഷാന്‍ കിഷനെക്കൂടാതെ ഇന്ത്യന്‍ ടീമില്‍ തീര്‍ച്ചയായും വേണ്ട മറ്റൊരു വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണാണ്. ഇന്ത്യക്കു വേണ്ടി അദ്ദേഹം സ്ഥിരമായി കളിക്കുന്നതു കാണാന്‍ നമ്മളളെല്ലാം ആഗ്രഹിക്കുന്നു. അത്രയും കഴിവുറ്റ ക്രിക്കറ്ററാണ് സഞ്ജു. ഡബിള്‍ സെഞ്ച്വറി നേടാനുള്ള മിടുക്ക് അദ്ദേഹത്തിനുമുണ്ട്.

സഞ്ജുവിനെപ്പോലെയുള്ള താരങ്ങള്‍ക്കു നിങ്ങള്‍ അവസരം നല്‍കിയെങ്കില്‍ മാത്രമേ അവര്‍ക്കു റണ്‍സെടുക്കാന്‍ സാധിക്കുകയുള്ളൂ. അതിഗംഭീരവും അതിശയിപ്പിക്കുന്നതുമായ ഇന്നിംഗ്സായിരുന്നു ഇഷാന്റേത്.

മുംബൈ ഇന്ത്യന്‍സ് കഴിഞ്ഞ മെഗാ ലേലത്തില്‍ ഇഷാന്‍ കിഷന് വലിയ തുക മുടക്കാനുള്ള കാരണവും ഇതു തന്നെയാണ്. അദ്ദേഹത്തിന്റെ കഴിവും ക്ലാസുമെല്ലാം പ്രദര്‍ശിപ്പിച്ച ഇന്നിംഗ്‌സായിരുന്നു ബംഗ്ലാദേശിനെതിരേ കണ്ടത്- കനേരിയ കൂട്ടിച്ചേര്‍ത്തു.

വെറും 131 ബോളുകളില്‍ നിന്നായിരുന്നു ഇഷാന്‍ 210 റണ്‍സ് അടിച്ചെടുത്തത്. 24 ബൗണ്ടറികളും 10 സിക്സറുകളും ഇതിലുള്‍പ്പെടും. ഏകദിനത്തിലെ ഏറ്റവും വേഗമേറിയതും ഒരു ഇന്ത്യക്കാരന്റെ ആറാമത്തെ ഇരട്ട സെഞ്ച്വറിയുമാണ് ഇഷാന്‍ നേടിയത്.