സഞ്ജുവിന് ഇനി ഐ.പി.എല്‍ കിരീടം സ്വപ്നം കാണാം, അതിനുള്ള ടീം ഇപ്പോള്‍ കൈവശമുണ്ട്!

സഞ്ജു സാംസണ്‍ മനസ്സുനിറച്ചു. 2022 ഐ.പി.എല്‍ സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ കളിയിലെ കേമനായി. കഴിഞ്ഞ വര്‍ഷം രാജസ്ഥാന്‍ റോയല്‍സ് മോശം പ്രകടനം കാഴ്ച്ചവെച്ചപ്പോള്‍ ഒരുപാട് പേര്‍ സഞ്ജുവിനെ പരിഹസിച്ചിരുന്നു. പക്ഷേ അടിമുടി ദുര്‍ബലമായിരുന്ന ആ ടീമിനെ ഉപയോഗിച്ച് സഞ്ജുവിന് ഒന്നും ചെയ്യാന്‍ സാധിക്കില്ലായിരുന്നു.

ലേലത്തിലൂടെ മികച്ച കളിക്കാരെ വിളിച്ചെടുത്ത് ടീം ശക്തിപ്പെടുത്തിയാണ് രാജസ്ഥാന്‍ ഇക്കുറി എത്തിയിരിക്കുന്നത്. സാമാന്യം ആഴമുള്ള,എക്‌സ്‌പ്ലോസീവ് ആയ ബാറ്റിങ്ങ് നിര. ബോളിങ്ങ് നിരയിലെ എല്ലാവരും അന്താരാഷ്ട്ര നിലവാരമുളളവര്‍. അതുകൊണ്ടാണ് അവര്‍ സണ്‍റൈസേഴ്‌സിനെ 61 റണ്ണുകള്‍ക്ക് തകര്‍ത്തുവിട്ടത്.

കഴിഞ്ഞ സീസണില്‍ രാജസ്ഥാന്റെ ബാറ്റിങ്ങ് ഏതാണ്ട് മുഴുവനായും സഞ്ജുവിന്റെ ചുമലുകളിലായിരുന്നു. അത്തരമൊരു സമ്മര്‍ദ്ദത്തിലും സഞ്ജു സ്ഥിരതയോടെ കളിച്ചിരുന്നു. ഇപ്പോള്‍ സഞ്ജുവിന്റെ ഭാരം കുറഞ്ഞിരിക്കുന്നു. കൂടുതല്‍ സ്വതന്ത്രനായ സഞ്ജുവില്‍നിന്ന് കൂടുതല്‍ മികച്ച പ്രകടനങ്ങള്‍ പ്രതീക്ഷിക്കാം.

ഒരുപക്ഷേ സഞ്ജുവിന്റെ കരിയറിലെ വഴിത്തിരിവായി ഈ സീസണ്‍ മാറിയേക്കാം. മികച്ച പ്രകടനം കാഴ്ച്ചവെച്ചാല്‍ ടി20 ലോക കപ്പ് ടീമില്‍ ഇടംപിടിക്കാം. ഐ.പി.എല്‍ കിരീടം പോലും സഞ്ജുവിന് സ്വപ്നം കാണാം. അതിനുള്ള ടീം ഇപ്പോള്‍ കൈവശമുണ്ട്.