മക്കോയ് കടന്നു പോകുന്നത് പ്രതികൂല സാഹചര്യത്തിലൂടെ; വെളിപ്പെടുത്തി സംഗക്കാര

പ്രതികൂല സാഹചര്യത്തിലും ടീമിനായുള്ള വിന്‍ഡീസ് പേസര്‍ ഒബെദ് മക്കോയ്യുടെ ആത്മസമര്‍പ്പണത്തെ പ്രശംസിച്ച് രാജസ്ഥാന്‍ റോയല്‍സ് പരിശീലകന്‍ കുമാര്‍ സംഗക്കാര. മക്കോയ്യുടെ രോഗബാധിതയായ അമ്മ വിന്‍ഡീസില്‍ ചികിത്സയിലാണെന്നും എന്നിട്ടും ടീമിനൊപ്പം തുടര്‍ന്ന താരം ബാംഗ്ലൂരിനെതിരെ മികച്ച പ്രകടനമാണു പുറത്തെടുത്തതെന്നും സംഗക്കാര പറഞ്ഞു.

‘മക്കോയ്യുടെ രോഗബാധിതയായ അമ്മ വെസ്റ്റിന്‍ഡീസില്‍ ചികിത്സയിലാണ്. ഇതുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ ഉണ്ടായിരുന്നിട്ടും മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മക്കോയ്ക്കു കഴിഞ്ഞു. ഉജ്വലമായ രീതിയിലാണു ബാംഗ്ലൂരിനെതിരെ പന്തെറിഞ്ഞതും. ടീമിനായി മികച്ച ആത്മസമര്‍പ്പണമാണു മക്കോയ് നടത്തിയത്’ സംഗക്കാര പറഞ്ഞു.

രണ്ടാം ക്വാളിഫയറില്‍ ബാംഗ്ലൂരിനെ നേരിടാനിറങ്ങിയ രാജസ്ഥാനായി മികച്ച പ്രകടനമാണ് മക്കോയ് നടത്തിയത്. നാല് ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങിയ താരം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഈ ബോളിംഗ് പ്രകടനം രാജസ്ഥാന്റെ വിജയത്തിലും നിര്‍ണായകമായി.

മത്സരത്തില്‍ മക്കോയിക്കൊപ്പം പ്രസിദ്ധ് കൃഷ്ണയും തിളങ്ങിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടാനേ കഴിഞ്ഞിരുന്നുള്ളു.

158 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് വേണ്ടി ജോസ് ബട്ട്‌ലര്‍ സെഞ്ച്വറി നേടി. 60 പന്തില്‍ 106 റണ്‍സുമായി ബട്ട്‌ലര്‍ പുറത്താകാതെ നിന്നപ്പോള്‍ 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാന്‍ വിജയം പിടിച്ചു.