ഒന്നിനും കൊള്ളില്ല എന്നു പറഞ്ഞ കളിയെഴുത്തുകാരുടെ നെഞ്ചത്തു ചവിട്ടിയാണ് ഷനകയും സംഘവും ഈ കപ്പുയര്‍ത്തുന്നത്

റോണി ജേക്കബ്

ക്രിക്കറ്റ് എന്നത് ശ്രീലങ്കക്കാര്‍ക്ക് ഒരു മത്സരം മാത്രമല്ല.. ജീവിതത്തോട് ഇഴുകി ചേര്‍ന്ന ദിനചര്യകളിലൊന്നാണ് ക്രിക്കറ്റ്.. അതു കൊണ്ടു തന്നെ വിരമിച്ച പല പ്രമുഖരും ആ നാട്ടിലെ ഹീറോകളാണ്. ഇക്കഴിഞ്ഞ മാസങ്ങളില്‍ രാജ്യത്ത് ഉടലെടുത്ത പ്രതിസന്ധിയെത്തുടര്‍ന്ന് പൊതുജനങ്ങള്‍ പാര്‍ലമന്റ് മന്ദിരങ്ങളിലേക്കും പ്രസിഡന്റിന്റെ വസതിയിലേക്കും ഇരച്ചുകയറിയപ്പോള്‍ അവര്‍ അല്പമെങ്കിലും ബഹുമാനം നല്കിയത് പഴയ കളിക്കാരുടെ വാക്കുകള്‍ക്കാണ്.. റോഷന്‍ മഹാനാമയും ജയസൂര്യയും ഡിസില്‍വയുമൊക്കെ അവരില്‍ ചിലര്‍ മാത്രം.

സ്വന്തം നാട്ടില്‍ ഇത്രയൊക്കെ പ്രതിസന്ധി നേരിടുന്ന സമയത്ത് ഏഷ്യാ കപ്പിലേക്ക് ഒരു ടീമിനെ അയക്കണോ എന്ന് പോലും ലങ്കന്‍ ബോര്‍ഡ് ചിന്തിച്ചിരുന്നയിടത്തു നിന്നാണ് മരതക ദ്വീപുകാരുടെ ഈ നേട്ടം. ജയവര്‍ദ്ധനയും സംഗക്കാരയും കളമൊഴിഞ്ഞപ്പോള്‍ കപ്പിത്താനില്ലാത്ത കപ്പലിന്റെ അവസ്ഥയിലായി ലങ്കന്‍ ക്രിക്കറ്റ്.. മാറി മാറി വന്ന ക്യാപ്റ്റന്‍മാര്‍ ആരും ഒരു പരമ്പരക്കപ്പുറം ടീമിനെ നയിക്കാന്‍ താല്‍പര്യപ്പെട്ടിരുന്നില്ല. അവിടെയാണ് ദാസുന്‍ സനക എന്ന ആറടി ഒരിഞ്ചുകാരന്‍ ലങ്കന്‍ ക്രിക്കറ്റ് എന്ന പായ്ക്കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്തത്.

തന്റെ ടീം സൂപ്പര്‍ ഫോറില്‍ എത്തിയാല്‍ പോലും വലിയ നേട്ടമായി ക്രിക്കറ്റ് പണ്ഡിതര്‍ വിലയിരുത്തുമെന്ന് സനകക്ക് അറിയാമായിരുന്നു. പക്ഷേ തന്റെ മരതക ദ്വീപുകാര്‍ക്ക് നല്‍കാന്‍ സനക കാത്തു വെച്ചത് മറ്റൊന്നായിരുന്നു. T20 ക്രിക്കറ്റിന്റെ രാജാക്കന്‍മാരുന്നു സ്വയം കോള്‍മയിര്‍ കൊള്ളുന്ന ഇന്ത്യയെയും പാക്കിസ്ഥാനെയും തറപറ്റിക്കാന്‍ പോയിട്ട് വിറപ്പിക്കാന്‍ പോലും ലങ്കക്ക് കഴിയില്ല എന്നു പറഞ്ഞിരുന്ന കളിയെഴുത്തുകാരുടെ നെഞ്ചത്തു ചവിട്ടി തന്നെയാണ് ഷനകയും സംഘവും ഈ കപ്പുയര്‍ത്തുന്നത്.

ഏഷ്യയിലെ രാജാക്കന്‍മാര്‍ എന്ന പദവിയുമായി കൊളംബോയിലെ എയര്‍പോര്‍ട്ടില്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനത്തില്‍ വന്നിറങ്ങുന്ന ലങ്കന്‍ ടീമിനെയും കാത്ത്, സന്തോഷവാന്‍മാരായ ഒരു സിംഹള ജനത കാത്തിരിപ്പുണ്ടാവും.. പ്രതിസന്ധിയുടെ നാളുകളില്‍ തങ്ങളുടെ രാജ്യത്തിന്റെ പേര് ഉന്നതിയിലേക്കുയര്‍ത്തിയ തങ്ങളുടെ ഹീറോകളേയും കാത്ത്

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍