ഡല്‍ഹിക്കെതിരെ റോയല്‍സ് വിറയ്ക്കുന്നു; സഞ്ജു രക്ഷാപ്രവര്‍ത്തനം തുടങ്ങി

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് മുന്നില്‍വച്ച 154/6 എന്ന ക്ഷ്യം പിന്തുടരുന്ന രാജസ്ഥാന്‍ റോയല്‍സിന് തകര്‍ച്ചയോടെ തുടക്കം. പവര്‍ പ്ലേ പൂര്‍ത്തിയാകുമ്പോള്‍ മൂന്ന് വിക്കറ്റിന് 21 എന്ന നിലയിലാണ് റോയല്‍സ്.

ഓപ്പണര്‍മാരായ ലിയാം ലിവിങ്സ്റ്റണ്‍ (1), യശ്വസി ജയ്‌സ്വാള്‍ (5), മധ്യനിരയില്‍ ഡേവിഡ് മില്ലര്‍ (7) എന്നിവരെയാണ് റോയല്‍സിന് നഷ്ടമായത്. അഞ്ചു റണ്‍സുമായി നായകന്‍ സഞ്ജു സാംസനും നാല് റണ്‍സ് നേടിയ മഹിപാല്‍ ലോംറോറും ക്രീസിലുണ്ട്.

ആദ്യ ആറ് ഓവറുകളില്‍ ഡല്‍ഹി ബോളര്‍മാര്‍ ഉശിരന്‍ പ്രകടനമാണ് പുറത്തെടുത്തത്. ലിവിങ്സ്റ്റണിനെ ആവേശ് ഖാനും ജയ്‌സ്വാളിനെ ആന്ദ്രെ നോര്‍ട്ടിയയും വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ ഗ്ലൗസിലെത്തിച്ചു. അശ്വിന്റെ പന്തില്‍ കയറിയടിക്കാന്‍ ശ്രമിച്ച മില്ലറിനെ പന്ത് സ്റ്റംപ് ചെയ്ത് പുറത്താക്കി. എവിന്‍ ലൂയീസിന് പകരമെത്തിയ മില്ലര്‍ വേഗം മടങ്ങിയത് റോയല്‍സിനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിയിടുകയും ചെയ്തു.