റൂട്ട് ചുവപ്പുതുണി കണ്ട കാളക്കൂറ്റന്‍; തന്ത്രങ്ങള്‍ വിചിത്രമെന്നും ഇംഗ്ലീഷ് ഇതിഹാസം

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ തോല്‍വിക്കു കാരണം ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ പിഴച്ച തന്ത്രങ്ങളാണെന്ന് ഇംഗ്ലീഷ് ഇതിഹാസം ജെഫ്രി ബോയ്‌കോട്ട്. ബാറ്റിംഗില്‍ തിളങ്ങിയെങ്കിലും ഫീല്‍ഡില്‍ റൂട്ടിന്റെ തീരുമാനങ്ങള്‍ വിചിത്രമായിരുന്നെന്ന് ബോയ്‌കോട്ട് പറഞ്ഞു.


ലോര്‍ഡ്‌സ് ടെസ്റ്റ് രണ്ട് കാര്യങ്ങള്‍ തെളിയിച്ചു. ഇംഗ്ലണ്ട് ടീമിന് വിവേകമില്ലെന്നതും ടെസ്റ്റില്‍ വിജയം അര്‍ഹിക്കുന്നില്ലെന്നതും. റൂട്ട് ഉജ്ജ്വലമായി ബാറ്റ് ചെയ്‌തെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ കാര്യക്ഷമത കാട്ടിയില്ല. രണ്ടാമതായി ഇംഗ്ലണ്ട് റൂട്ടിനെ അമിതമായി ആശ്രയിക്കുന്നു. മുന്‍നിര ബാറ്റ്‌സ്മാന്‍മാരില്‍ മൂന്നുപേര്‍ എത്രയും വേഗം മെച്ചപ്പെടണം. അതൊരു തമാശയല്ല- ബോയ്‌കോട്ട് പറഞ്ഞു.

ജസ്പ്രീത് ബുംറയ്‌ക്കെതിരെ തുടര്‍ച്ചയായി ഷോര്‍ട്ട് ബോളുകള്‍ പ്രയോഗിക്കാനുള്ള ഇംഗ്ലണ്ടിന്റെ തീരുമാനത്തയും ബോയ്‌കോട്ട് ചോദ്യം ചെയ്തു. ബുംറ ക്രീസിലെത്തിയപ്പോള്‍ ചുവന്നതുണി കണ്ട കാളക്കൂറ്റനെ പോലെയായി റൂട്ട്. ബുംറയ്ക്കു നേരെ ഷോര്‍ട്ട് ബോളുകള്‍ എറിയാന്‍ മാര്‍ക്ക് വുഡിനെ റൂട്ട് പ്രോത്സാഹിപ്പിച്ചു. ബുംറ ആന്‍ഡേഴ്‌സനോട് കാട്ടിയതിന് പകരം ചോദിക്കാന്‍ റൂട്ടും ചില കളിക്കാരും ആഗ്രഹിച്ചു. ബുംറയെയും മുഹമ്മദ് ഷമിയെയും ഔട്ടാക്കുന്നതിനെക്കാള്‍ ഉപരി അവര്‍ക്ക് ഏറു കൊടുക്കുന്നതിനാണ് ഇംഗ്ലണ്ട് താരങ്ങള്‍ താത്പര്യപ്പെട്ടതെന്ന് തോന്നിയതായും ബോയ്‌കോട്ട് പറഞ്ഞു.