ആ താരം ഓപ്പണറാകട്ടെ, കോഹ്ലിയോട് പരീക്ഷണത്തിന് തയ്യാറാകണമെന്ന് ഗാംഗുലി

ആന്റിഗ്വ: ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഓപ്പണറായി രോഹിത് ശര്‍മ്മയ്ക്ക് അവസരം നല്‍കണമെന്ന് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. മായങ്ക് അഗര്‍വാള്‍ – കെഎല്‍ രാഹുല്‍ ജോഡിയെ ഓപ്പണര്‍മാരായി ഇറക്കാന്‍ നായകന്‍ വിരാട് കോഹ്ലി തീരുമാനിച്ചിരിക്കേയാണ് രോഹിത്തിനെ ഓപ്പണറാക്കണമെന്ന നിര്‍ദേശം ഗാംഗുലി മുന്നോട്ട് വെക്കുന്നത്.

രോഹിത്തിനെ ഓപ്പണറായും രഹാനയെ മധ്യനിര ബാറ്റ്സ്മാനായും പരിഗണിക്കണമെന്ന് ഗാംഗുലി അഭിപ്രായപ്പെട്ടു. വിക്കറ്റ് കീപ്പറായി സാഹയ്ക്ക് പകരം റിഷഭ് പന്തിനെ പരിഗണിക്കണമെന്നും ഗാംഗുലി പറയുന്നു. ഒരു മാധ്യമത്തിലെഴുതിയ കോളത്തിലാണ് ഗാംഗുലി ഇക്കാര്യം പറയുന്നത്.

ട്വന്റി-20, ഏകദിന ഫോര്‍മാറ്റുകളില്‍ ഇന്ത്യയുടെ സ്ഥിരം ഓപ്പണറായി രോഹിത്ത് ശര്‍മ്മ മാറിക്കഴിഞ്ഞു. ഇക്കഴിഞ്ഞ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് രോഹിത്. ടെസ്റ്റില്‍ രോഹിത്തിനെ ഓപ്പണര്‍ സ്ഥാനത്ത് പരീക്ഷിക്കാന്‍ കോഹ്ലി ധൈര്യം കാട്ടണം” ഗാംഗുലി പറയുന്നു.

നേരത്തെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ രോഹിത്ത് പൂര്‍ണ പരാജയമായിരുന്നു. നാലു ഇന്നിങ്ങ്സുകളില്‍ കേവലം 78 റണ്‍സ് മാത്രമാണ് താരം നേടിയത്. ഇതിനെത്തുടര്‍ന്ന് ടെസ്റ്റ് ടീമില്‍ നിന്നും പുറത്തായി. ശേഷം 2018 അവസാനം ഓസ്ട്രേലിയന്‍ പര്യടനത്തില്‍ പങ്കെടുത്തെങ്കിലും രണ്ടു ടെസ്റ്റുകളില്‍ താരം കളിച്ചില്ല.