''രോഹിത്,ആ റിപ്പോർട്ടറെ കണ്ടാൽ പറയണം അയാളുടെ കണക്കുകളൊന്നും തീർക്കാൻ ബാക്കിയില്ലെന്ന്, അയാൾ മാത്രമാണ് ഇന്നലെ അങ്ങനെ ചിന്തിച്ചത്

കുറച്ച് വർഷങ്ങൾക്കുമുമ്പ് നടന്ന കഥയാണ്. ഇന്ത്യയും പാക്കിസ്ഥാനും ഡെൽഹിയിൽ ഏകദിനം കളിക്കുകയാണ്. രവി ശാസ്ത്രിയും വസീം അക്രവും കമൻ്ററി ബോക്സിലുണ്ടായിരുന്നു. ഒരു ആരാധകൻ സോഷ്യൽ മീഡിയ വഴി അവരോട് ചോദിച്ചു- ”ശാസ്ത്രിയും അക്രവും ആത്മാർത്ഥ സുഹൃത്തുക്കളാണെന്ന് എല്ലാവർക്കും അറിയാം. പക്ഷേ നിങ്ങൾ പരസ്പരം മത്സരിച്ചപ്പോൾ ആ സൗഹൃദം നിലനിർത്താൻ സാധിച്ചിരുന്നുവോ…!?”

ഒരിക്കലുമില്ല എന്നായിരുന്നു ശാസ്ത്രിയുടെ മറുപടി. തൻ്റെ തല മാത്രം ഉന്നമിട്ടാണ് അക്രത്തിൻ്റെ പന്തുകൾ വന്നിരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ചെറുചിരിയോടെ അക്രം അതിന് വിശദീകരണം നൽകി-
”ശരിയാണ്. ഇന്ത്യ-പാക് മത്സരത്തിൻ്റെ സമ്മർദ്ദം അവിശ്വസനീയമാണ്. അതൊരു യുദ്ധമാണെന്നാണ് പലരുടെയും ധാരണ. ഇന്ത്യയോട് പരാജയപ്പെട്ടാൽ ടീമിൻ്റെ കോച്ച് മുതൽ ഹോട്ടലിൽ ഭക്ഷണം വിളമ്പുന്ന ജീവനക്കാർ വരെയുള്ളവർ പരിഭവിക്കും. ഡിയർ രവീ, അതുകൊണ്ടാണ് ഞാൻ നിങ്ങളുടെ തലയെ ലക്ഷ്യംവെച്ചത്…!”

ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുമ്പോൾ അസാധാരണമായ പലതും സംഭവിക്കും. കളിക്കാർ എന്ത് വില കൊടുത്തും ജയിക്കാൻ ശ്രമിക്കും. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ഏഷ്യാകപ്പ് മാച്ചിൽ പാക്കിസ്ഥാൻ പ്രകടമാക്കിയ പോരാട്ടവീര്യം അതിൻ്റെ തെളിവായിരുന്നു. പതിനൊന്നാമനായി ബാറ്റിങ്ങിനിറങ്ങി രണ്ട് പടുകൂറ്റൻ സിക്സറുകൾ പറത്തിയ ദഹാനി അരങ്ങേറ്റത്തിൽ വെള്ളിടി പോലുള്ള പന്തുകളെറിഞ്ഞ നസീം ഷാ.

ആവശ്യത്തിനും അനാവശ്യത്തിനും ഭീകരമായി അപ്പീൽ ചെയ്ത് അമ്പയർമാരെ ഭയപ്പെടുത്തിയ പാക് ഫീൽഡർമാർ. പാക്കിസ്ഥാൻ ഒരിഞ്ച് പോലും വിട്ടുനല്‍കാൻ തയ്യാറല്ല എന്നതിൻ്റെ തെളിവുകളായിരുന്നു ഇതെല്ലാം. ബാബറും സംഘവും ഉയർത്തിയ 148 എന്ന വിജയലക്ഷ്യം അത്ര മികച്ചതായിരുന്നില്ല. പക്ഷേ അതിനെ മറികടക്കാനുള്ള ബോളിങ്ങ് നിര അവർക്കുണ്ടായിരുന്നു.

ഓസ്ട്രേലിയക്കാരനായ ക്യൂറേറ്റർ ഒരുക്കിയ ദുബായിലെ പുല്ലുള്ള പിച്ചും പാക്കിസ്ഥാന് അനുകൂലമായിരുന്നു. 140 കിലോമീറ്ററിനുമുകളിൽ ക്ലോക് ചെയ്യുന്ന നസീമിനെയും ദഹാനിയേയും റൗഫിനെയും അത് സന്തോഷിപ്പിച്ചു. സ്പിന്നർമാരായ നവാസിനെയും ഷദാബിനെയും സഹായിക്കുന്ന വരണ്ട ഭാഗങ്ങളും ആ പ്രതലത്തിലുണ്ടായിരുന്നു.

എല്ലാറ്റിനും പുറമെ അപ്രവചനീയമായ ബൗൺസും. ചിലപ്പോഴെല്ലാം ഗുഡ് ലെങ്ത്ത് ഏരിയയിൽനിന്ന് ബാറ്റർക്കുനേരെ മൂർഖനെപ്പോലെ കുതിച്ചുചാടിയിരുന്ന വിഷം വമിപ്പിക്കുന്ന പന്തുകൾ!! സൂര്യകുമാർ യാദവിൻ്റെ സ്റ്റംമ്പ് നസീം ഊരിയെറിഞ്ഞ സമയത്ത് ഇന്ത്യയ്ക്ക് 34 പന്തുകളിൽനിന്ന് 59 റണ്ണുകൾ വേണ്ടിയിരുന്നു. സാഹചര്യങ്ങൾ പരിഗണിച്ചാൽ മുൻതൂക്കം പച്ചപ്പടയ്ക്കായിരുന്നു. എന്നാൽ മറിച്ചു ചിന്തിച്ചിരുന്ന ഒരാൾ ഇന്ത്യയുടെ ലോവർ മിഡിൽ ഓർഡറിലുണ്ടായിരുന്നു. അയാളുടെ പേര് ഹാർദ്ദിക് പാണ്ഡ്യ എന്നായിരുന്നു.

ഇപ്പോഴത്തെ പാക് പേസർമാരുടെ തലതൊട്ടപ്പനാണ് ഇമ്രാൻ ഖാൻ. പ്രധാനമന്ത്രി പദം വരെ ഉയർന്ന ലെജൻഡറി ബോളർ. അങ്ങനെയുള്ള ഇമ്രാനെ പരിപൂർണ്ണനായും നിസ്സഹായനാക്കിയിട്ടുള്ളത് ഒരേയൊരു ബാറ്റർ മാത്രമായിരുന്നു-സാക്ഷാൽ വിവിയൻ റിച്ചാർഡ്സ്! പാണ്ഡ്യ കളിച്ചത് റിച്ചാർഡ്സിൻ്റെ ശൈലിയിലായിരുന്നു. ച്യൂയിംഗ് ഗം ചവച്ച് ആരെയും കൂസാത്തൊരു നിൽപ്പ്. ബോളർമാരെ ചതച്ചരയ്ക്കുന്ന ആക്രമണം. വാക്കിലും നോക്കിലും സ്വരത്തിലുമെല്ലാം കരീബിയൻ ഫ്ലേവർ.

ആദ്യം ജഡേജയുടെ പിന്തുണക്കാരൻ്റെ ദൗത്യമാണ് പാണ്ഡ്യ ഏറ്റെടുത്തത്. എങ്കിലും 12 പന്തുകളിൽനിന്ന് 21 റൺ ആവശ്യമായിരുന്ന സാഹചര്യത്തിൽ റൗഫിനെതിരെ പാണ്ഡ്യ അടിച്ച മൂന്ന് ബൗണ്ടറികളാണ് കളി പൂർണ്ണമായും ഇന്ത്യയുടെ പക്ഷത്തേയ്ക്ക് തിരിച്ചത്. നവാസ് അന്തിമ ഓവർ ചെയ്യാനെത്തുമ്പോൾ ഇന്ത്യയുടെ വിജയത്തിലേയ്ക്ക് 7 റണ്ണുകളുടെ ദൂരമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ആദ്യ പന്തിൽ ജഡേജ ഗ്ലോറി ഷോട്ടിന് ശ്രമിച്ച് പുറത്തായി. പിന്നീട് വന്നത് സിംഗിളും ഡോട്ട്ബോളും. മൂന്ന് പന്തുകളിൽ ആറു റൺ എന്ന നിലയിലേയ്ക്ക് കണക്കുകൾ മാറി.

കളി പൂർത്തിയാകുന്നതിനുമുമ്പ് ആഘോഷം തുടങ്ങിയ ഇന്ത്യൻ ആരാധകരെല്ലാം നിശബ്ദരായി. ഒരു വിക്കറ്റ് കൂടി വീണാൽ ബോളറായ ഭുവ്നേശ്വർ കുമാർ ക്രീസിലെത്തും. പാക്കിസ്ഥാൻ വിജയം സ്വപ്നംകണ്ടുതുടങ്ങിയിരുന്നു. പാക്കിസ്ഥാനി കമൻ്റേറ്റർമാർ ‘ട്വിസ്റ്റ് ‘ എന്ന വാക്ക് ഉച്ചരിച്ചുകൊണ്ടിരുന്നു. എന്നാൽ നവാസിൻ്റെ അടുത്ത പന്ത് കാണികൾക്കിടയിലേയ്ക്ക് പറന്നു. അമ്പയർ ഇരുകരങ്ങളും ഉയർത്തി സിക്സറിൻ്റെ സിഗ്നൽ നൽകി. സമ്മർദ്ദത്താൽ വലിഞ്ഞുമുറുകിയ ഇന്ത്യക്കാർ തുള്ളിച്ചാടി.

പക്ഷേ പാണ്ഡ്യയ്ക്ക് അപ്പോഴും കുലുക്കമില്ലായിരുന്നു. ”ഇതൊക്കെയെന്ത്? ” എന്നൊരു മനോഭാവമായിരുന്നു അയാൾക്ക്! ചങ്കൂറ്റത്തിൻ്റെ മനുഷ്യരൂപം! ഇതുപോലൊരു ഹൈപ്രഷർ ചെയ്സിൻ്റെ അമരക്കാരനായി നിലകൊള്ളുമ്പോഴും പാക് കീപ്പർ റിസ്വാനെ കെട്ടിപ്പിടിച്ച് പാണ്ഡ്യ കുശലം പറഞ്ഞിരുന്നു. ഭയം അയാളെ സ്പർശിച്ചിരുന്നില്ല. കഥകളിലൂടെയും വിഡിയോ ക്ലിപ്പുകളിലൂടെയും അടുത്തറിഞ്ഞ വിവ് റിച്ചാർഡ്സിനും ഇതേ രൂപമായിരുന്നു! ഇതേ വ്യക്തിപ്രഭാവമായിരുന്നു!

പാണ്ഡ്യ ബോളിങ്ങിലും തിളങ്ങിയിരുന്നു. റിസ്വാൻ,ഇഫ്തിഖർ എന്നീ ബിഗ് ഹിറ്റർമാർ ഉൾപ്പടെ മൂന്ന് പേരാണ് പാണ്ഡ്യയുടെ വലയിൽ കുടുങ്ങിയത്. പണ്ട് പാക്കിസ്ഥാൻ്റെ അബ്ദുൽ റസാഖിനെ നോക്കി നാം അസൂയപ്പെട്ടിരുന്നു. ഇപ്പോൾ നമുക്ക് പാണ്ഡ്യയുണ്ട്. വെൽ-ഡിറെക്റ്റഡ് ബൗൺസറുകളെറിഞ്ഞ് ബാറ്റർമാരുടെ കഥ കഴിക്കുന്ന,സ്ഫോടനാത്മകമായ ബാറ്റിങ്ങ് കെട്ടഴിക്കുന്ന ഓൾറൗണ്ടർ പാണ്ഡ്യ! ഒരു ബാക്ക് ഇഞ്ച്വറി പാണ്ഡ്യയുടെ കരിയർ തുലാസിലാക്കിയിരുന്നു. നേരേചൊവ്വേ നടക്കാൻ പോലും അയാൾക്ക് സാധിക്കാതിരുന്ന ഒരു കാലമുണ്ടായിരുന്നു. പാണ്ഡ്യയ്ക്കുപകരം വെങ്കിടേഷ് അയ്യറിനെ പരിഗണിക്കണം എന്ന ചർച്ച സജീവമായിരുന്നു. അവിടെനിന്നാണ് ഈ രണ്ടാം അവതാരം.

വലിയ സ്റ്റേജുകളെ പാണ്ഡ്യ ഭയക്കുന്നില്ല. സകലരും എഴുതിത്തള്ളിയ ഗുജറാത്ത് ടൈറ്റൻസിന് ഐ.പി.എൽ കിരീടം നേടിക്കൊടുത്തത് പാണ്ഡ്യ എന്ന നായകൻ്റെ ആറ്റിറ്റ്യൂഡാണ്. ഫൈനലിൽ പോലും അയാൾ ഐസ് കൂൾ ആയിരുന്നു. ഇന്ത്യ ഇനിയൊരു ഐ.സി.സി ട്രോഫി ജയിച്ചാൽ പാണ്ഡ്യ അതിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടാവും. പണ്ട് വിവിയൻ റിച്ചാർഡ്സ് സ്വന്തം ബാറ്റിങ്ങിനെക്കുറിച്ച് സംസാരിച്ചിരുന്നു- ”എൻ്റെ താടിയെല്ലിനും വാരിയെല്ലിനും ഏറുകൊണ്ടാലും ഞാൻ ക്രീസിൽത്തന്നെ നിൽക്കും. ചിലപ്പോൾ ഞാൻ മൈതാനത്ത് മരിച്ചുവീണേക്കാം. എന്നാലും തോൽവി സമ്മതിക്കില്ല…!”

ദുബായിൽ പാണ്ഡ്യ ആ പ്രസ്താവനയുടെ ഇന്ത്യൻ പതിപ്പ് പുറത്തിറക്കി- ”നിങ്ങൾ എനിക്കുനേരെ ബൗൺസറുകൾ എറിയൂ. പേസ് കൊണ്ട് ഭയപ്പെടുത്താൻ ശ്രമിക്കൂ. എൻ്റെ പങ്കാളിയെ കവർന്നെടുക്കൂ. ഈ പ്രവൃത്തികളിലൂടെ നിങ്ങൾ കഴുകനെപ്പോലെ ഉയർന്നുപറന്നാലും നിങ്ങളെ ഞാൻ താഴെയിറക്കും. ഇന്ത്യയുടെ പതാക ഉയരത്തിൽ പറക്കും. ഇന്ത്യ ജീതേഗാ വിളികൾ കൂടുതൽ ശക്തമാകും…!” മത്സരം ആരംഭിക്കുന്നതിന് മുമ്പ് ഒരു പാക്കിസ്ഥാൻ പത്രപ്രവർത്തകൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ പ്രകോപിപ്പിക്കാൻ ശ്രമിച്ചിരുന്നു. കഴിഞ്ഞ ടി20 ലോകകപ്പിൽ ഇന്ത്യ പാക്കിസ്ഥാനോട് തോറ്റു എന്നതാണ് ജേണലിസ്റ്റ് ആയുധമാക്കിയത്.

പാണ്ഡ്യ രോഹിതിനോട് പറയുമായിരിക്കും- ”രോഹിത്,ആ റിപ്പോർട്ടറെ കണ്ടാൽ പറയണം ; അയാളുടെ കണക്കുകളൊന്നും തീർക്കാൻ ബാക്കിയില്ലെന്ന്…!”