രോഹിത്തിനെയും കോഹ്ലിയെയും ബി.സി.സി.ഐ ശാസിച്ചേക്കും

പര്യടനത്തിനായി ഇംഗ്ലണ്ടില്‍ എത്തിയിരിക്കുന്ന വിരാട് കോഹ്‌ലിക്കും രോഹിത് ശര്‍മ്മയ്ക്കും ബിസിസിഐയുടെ ശാസനയ്ക്ക് സാധ്യത. കോഹ്‌ലിയും രോഹിത്തും ആരാധകനൊപ്പം മാസ്‌ക് ധരിക്കാതെ നില്‍ക്കുന്ന ചിത്രം പുറത്ത് വന്നതാണ് ഇതിന് കാരണം.

കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സീനിയര്‍ താരങ്ങളുടെ കൈയില്‍ നിന്നു തന്നെ സംഭവിച്ചിരിക്കുന്ന ഈ വീഴ്ച ബിസിസിഐയെ ചൊടിപ്പിച്ചിട്ടുണ്ട്. ആരാധകരെ കാണുന്നതിനും മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നതിനും കളിക്കാര്‍ക്ക് ബിസിസിഐ മുന്നറിയിപ്പ് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുകെയില്‍ കോവിഡ് ഭീഷണി കുറഞ്ഞിട്ടുണ്ട്. എങ്കിലും കരുതലോടെ ഇരിക്കണം എന്ന് ടീമിനെ തങ്ങള്‍ അറിയിക്കുമെന്ന് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമല്‍ അറിയിച്ചു. പ്രതിദിനം 10000 കോവിഡ് കേസുകള്‍ യുകെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പുനഃക്രമീകരിച്ച അഞ്ചാം ടെസ്റ്റ് ജൂലൈ 1-5 വരെ ബര്‍മിംഗ്ഹാമില്‍ നടക്കും. അതേസമയം ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ ടി20 മത്സരം ഇതിന് രണ്ട് ദിവസത്തിന് ശേഷം ജൂലൈ 7 ന് സതാംപ്ടണിലെ ഏജിയാസ് ബൗളില്‍ നടക്കും.

ദൈര്‍ഘ്യമേറിയ പര്യടനത്തിനു മുമ്പ് രണ്ടു സന്നാഹ മല്‍സരങ്ങള്‍ ഇംഗ്ലണ്ടില്‍ ഇന്ത്യ കളിക്കുന്നുണ്ട്. ആദ്യത്തേത് ചതുര്‍ദിന മല്‍സരമാണെങ്കില്‍ രണ്ടാമത്തേത് ടി20യാണ്. വെള്ളിയാഴ്ചയാണ് ലെസ്റ്റര്‍ഷെയറുമായുള്ള ചതുര്‍ദിന മല്‍സരത്തത്തിനു തുടക്കമാവുന്നത്. നിലവില്‍ മല്‍സരത്തിനായി ഇന്ത്യന്‍ സംഘം ലെസ്റ്ററിലെത്തിക്കഴിഞ്ഞു.