റോഡ് സേഫ്റ്റി ടി20 സീരീസ്: ഇന്ത്യയെ പിന്തള്ളി ശ്രീലങ്ക ഒന്നാമത്

റോഡ് സേഫ്റ്റി ലോക ടി20 ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ലെജന്‍ഡ്‌സിനെ പിന്തള്ളി ശ്രീലങ്ക ലെജന്‍ഡ്‌സ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. ടൂര്‍ണമെന്റിലെ പത്താം മത്സരത്തില്‍ ബംഗ്ലാദേശിനെ 42 റണ്‍സിന് പരാജയപ്പെടുത്തിയതോടെയാണ് ശ്രീലങ്ക പട്ടികയില്‍ ഒന്നാമതായത്.

വിക്കറ്റ് കീപ്പര്‍ ഉപുല്‍ തരംഗയുടെ വെടിക്കെട്ട് പ്രകടനമാണ് ശ്രീലങ്കയ്ക്കു മിന്നും ജയം സമ്മാനിച്ചത്. തരംഗയുടെ ബാറ്റിംഗ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റിനു 180 റണ്‍സെടുത്തു. തരംഗ 47 ബോളില്‍ 11 ബൗണ്ടറികളും അഞ്ചു സിക്സറുമടക്കം 99 റണ്‍സോടെ പുറത്താവാതെ നിന്നു. നായകന്‍ ദില്‍ഷന്‍ 33 റണ്‍സെടുത്തു.

മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. ഓപ്പണര്‍ നസിമുദ്ദീന്‍ (54) മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. ശ്രിലങ്കയ്ക്കു വേണ്ടി ദില്‍ഷന്‍ മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ ദമ്മിക പ്രസാദ് രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.

ഇന്നു നടക്കുന്ന മല്‍സരത്തില്‍ ഇംഗ്ലണ്ട് ലെജന്റ്സ് ദക്ഷിണാഫ്രിക്ക ലെജന്റ്സുമായി ഏറ്റുമുട്ടും. ഇംഗ്ലണ്ട് കളിച്ച രണ്ടു മല്‍സരങ്ങളിലും ജയിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക രണ്ടു മല്‍സരങ്ങളില്‍ ഒന്നില്‍ ജയിച്ചപ്പോള്‍ ഒന്നില്‍ തോറ്റു.