കേരളത്തിന്റെ ബൗളിംഗ് കൊടുങ്കാറ്റ്; തകര്‍ന്ന് വിദര്‍ഭ

രഞ്ജി ട്രോഫിയിലെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ വിദര്‍ഭയുടെ മുന്‍ നിര വിക്കറ്റുകളെല്ലാം കടപുഴക്കി കേരളം. രണ്ടാം ദിവസം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ വിദര്‍ഭ ആറ് വിക്കറ്റിന് 109 റണ്‍സ് എന്ന നിലയിലാണ്.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ അക്ഷയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്‌സേനയുമാണ് വിദര്‍ഭയുടെ മുന്‍ നിരയെ തകര്‍ക്കുന്നതിന് നേതൃത്വം നല്‍കുന്നത്. 13 ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങിയാണ് അക്ഷയ് മൂന്ന് വിദര്‍ഭ വിക്കറ്റുകള്‍ കടപുഴക്കിയത്. ജലജ് സക്‌സേന 27 റണ്‍സ് വങ്ങിയാണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്.

31 റണ്‍സെടുത്ത കരണ്‍ ശര്‍മ്മ മാത്രമാണ് വിദര്‍ഭ നിരയില്‍ പിടിച്ച് നിന്നത്. ഗണേഷ് സതീഷ് (9) വാങ്കടെ (15) എന്നിവരാണ് ഇന്ന് പുറത്തായ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍. 13 റണ്‍സുമായി വാങ്കറും എട്ട് റണ്‍സുമായസര്‍വതേയും ആണ് ക്രീസില്‍.

കഴിഞ്ഞ ദിവസം മോശം കാലവസ്ഥമൂലം 24 ഓവര്‍ മാത്രമെറിഞ്ഞ മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിദര്‍ഭയുടെ മൂന്ന് വിക്കറ്റുകള്‍ കേരളം പിഴുതെടുത്തിരുന്നു. നായകന്‍ ഫെസ് ഫസല്‍ (2), ഓപ്പണര്‍ രാമസ്വാമി (!7), മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ (12) എന്നിവരാണ് ഇന്നലെ പുറത്തായ ബാറ്റ്‌സ്മാന്‍മാര്‍.

പത്ത് വര്‍ഷത്തിനിടെ ആദ്യമായാണ് കേരളം രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കുന്നത്. ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായാണ് കേരളം ക്വാര്‍ട്ടറിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഗുജറാത്തിനെതിരെ മാത്രമാണ് കേരളം തോല്‍വി വഴങ്ങിയത്.