ഐപിഎല്ലിലും അശ്വിന് തിരിച്ചടി; കിംഗ്‌സ് ഇലവന്‍ പഞ്ചാബില്‍ നിന്ന് പുറത്തേക്ക്

വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമില്‍ ഇടം ലഭിക്കാതെ വന്നതിനു പിന്നാലെ രവിചന്ദ്രന്‍ അശ്വിന് മറ്റൊരു തിരിച്ചടി കൂടി. ഐപിഎല്‍ പുതിയ സീസണില്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ അശ്വിനെ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഒഴിവാക്കിയേക്കുമെന്നാണ് വിവരം. കഴിഞ്ഞ സീസണില്‍ ടീം പ്ലേ ഓഫിലെത്താതെ പുറത്തായതാണ് അശ്വിന്‍ തിരിച്ചടിയായത്.

ഡല്‍ഹി ക്യാപിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ അശ്വിനെ ടീമിലെത്തിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍.
ഈ ആഴ്ച അവസാനം കിങ്‌സ് ഇലവന്‍ പഞ്ചാബ് അധികൃതര്‍ യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ അശ്വിന്റെ കാര്യം തീരുമാനമാകുമെന്നാണ് കരുതുന്നത്. 2018 ലെ ഐപിഎല്‍ ലേലത്തില്‍ 7.6 കോടി രൂപയ്ക്കായിരുന്നു കിംഗ്‌സ് ഇലവന്‍ പഞ്ചാബ് അശ്വിനെ സ്വന്തമാക്കിയത്.

കിങ്‌സ് ഇലവനായി 28 മല്‍സരങ്ങളില്‍ നിന്ന് അശ്വിന്‍ 25 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. 139 ഐപിഎല്‍ മല്‍സരങ്ങളില്‍നിന്ന് 125 വിക്കറ്റുകളാണ് അശ്വിന്റെ സമ്പാദ്യം. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറെ “മങ്കാദിങ്ങി”ലൂടെ പുറത്താക്കിയ അശ്വിന്റെ നടപടി ക്രിക്കറ്റ് ലോകത്ത് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.