ആ താരത്തിന്റെ അമിത ആത്മവിശ്വാസവും അഹങ്കാരവുമാണ് ഇംഗ്ലണ്ടിന്റെ നാശത്തിന്റെ കാരണം, കുറ്റപ്പെടുത്തലുമായി രവിചന്ദ്രൻ അശ്വിൻ

ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ 28 റൺസിന് വിജയിച്ച ശേഷം, വിശാഖപട്ടണത്തിൽ നടന്ന രണ്ടാം ടെസ്റ്റിൻ്റെ മൂന്നാം ദിനം ഇന്ത്യൻ ബൗളർമാർ റൺസ് പ്രതിരോധിക്കാൻ ഇറങ്ങുമ്പോൾ ഇംഗ്ലണ്ടിന് അവർ ഒന്നുമല്ല എന്നും എത്ര വലിയ ലക്‌ഷ്യം ഇന്ത്യ ഉയർത്തിയാലും അതൊക്കെ പിന്തുടരുമെന്നും സീനിയർ പേസർ ജെയിംസ് ആൻഡേഴ്സൺ പറഞ്ഞിരുന്നു. 70 ഓവറിൽ 600 റൺസ് പിന്തുടരാനുള്ള കരുത്ത് തങ്ങൾക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആത്യന്തികമായി രണ്ടാം ടെസ്റ്റിൽ 399 റൺസ് പിന്തുടരുന്നതിൽ ഇംഗ്ലണ്ട് പരാജയപ്പെടുകയും 106 റൺസിന് മത്സരം പരാജയപ്പെടുകയും ചെയ്തു, ഇത് പരമ്പര 1-1 ന് സമനിലയിലാക്കി. ജയിംസ് ആൻഡേഴ്സൺ കാണിച്ചത് ആത്മവിശ്വാസം ആണെന്നും അത്തരം ഉള്ള വർത്തമാനങ്ങളും തോന്നലുമാണ് അവരുടെ നാശത്തിന് കാരണമെന്നും അശ്വിൻ പറഞ്ഞു.

“ആദ്യ ടെസ്റ്റ് ജയിച്ചതിന് ശേഷം ജെയിംസ് ആൻഡേഴ്സൺ തൻ്റെ ടീമിൻ്റെ വിജയത്തിൽ ആത്മവിശ്വാസത്തിലായിരുന്നു. ലക്ഷ്യം 500 അല്ലെങ്കിൽ 600 ആണെങ്കിലും ഞങ്ങൾ മത്സരം 60 ഓവറിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് അവരുടെ പോസിറ്റീവ് ചിന്താഗതിയുടെ ഒരു ഉദാഹരണമായിരുന്നു, പക്ഷേ അത് കുറച്ച് ഓവർ ആയിട്ടാണ് എനിക്ക് തോന്നിയത്” അശ്വിൻ പറഞ്ഞു.

ടെസ്റ്റ് പരമ്പരയിലെ 1-4 തോൽവിക്ക് ശേഷം ഇംഗ്ലണ്ടിൻ്റെ ബാസ്ബോൾ രീതിക്ക് വലിയ വിമർശനമാണ് നേരിടുന്നത്. ബെൻ സ്റ്റോക്‌സിൻ്റെ നേതൃത്വത്തിലുള്ള ടീം ഈ രീതിയിൽ മുന്നോട്ട് പോയാൽ മത്സരങ്ങൾ ജയിക്കാൻ പാടുപെടുമെന്നാണ് വിലയിരുത്തലുകൾ വരുന്നത്.

ബാസ്ബോളിനെ കുറിച്ചുള്ള തൻ്റെ അഭിപ്രായവും അശ്വിൻ പങ്കുവച്ചു. “ഹൈദരാബാദിലെ ആദ്യ ടെസ്റ്റിന് ശേഷം ഞാൻ മനസ്സിലാക്കിയ ഒരു കാര്യം ബാസ്ബോൾ ക്രിക്കറ്റിൻ്റെ ഒരു ആക്രമണാത്മക ബ്രാൻഡ് മാത്രമല്ല എന്നതാണ്. പ്രതിരോധമില്ലാത്ത ബ്രാൻഡ് കൂടിയാണിത്. അവർ പ്രതിരോധ ഷോട്ടുകൾ കളിക്കുന്നില്ല. പ്രതിരോധ ഷോട്ടുകൾ കളിക്കാൻ അവർക്ക് മിടുക്കില്ല എന്നതിനാൽ തന്ത്രങ്ങൾ ഒരുക്കാൻ എളുപ്പമായിരുന്നു. ജോ റൂട്ടും അവരുടെ തത്വശാസ്ത്രം പിന്തുടരാൻ സമ്മതിച്ചു. സ്പിൻ ബൗളിംഗിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ് റൂട്ട്. അവരുടെ ആക്രമണ സമീപനവും അദ്ദേഹം പിന്തുടർന്നു,” അശ്വിൻ കൂട്ടിച്ചേർത്തു.