തകര്‍ത്തടിച്ച് രോഹന്‍ കുന്നുമ്മല്‍, ഗുജറാത്തിന് എതിരെ കേരളത്തിന് മികച്ച തുടക്കം

രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരായ മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്സില്‍ കേരളത്തിന് മികച്ച തുടക്കം. രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെന്ന നിലയിലാണ്.

അര്‍ദ്ധ സെഞ്ച്വറി നേടിയ റോഹന്‍ കുന്നുമ്മലിനൊപ്പം നായകന്‍ സച്ചിന്‍ ബേബിയാണ് ഖ്രീസില്‍. റോഹന്‍ 56 ബോളില്‍ 63 റണ്‍സ് നേടിക്കഴിഞ്ഞു. 18 ബോളില്‍ 9 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം.

പൊന്നന്‍ രാഹുല്‍ (44), ജലജ് സക്‌സേന (4) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. രാഹുലും രോഹനും ചേര്‍ന്ന് ഓപ്പണിങ്ങില്‍ 85 റണ്‍സ് ആണ് കണ്ടെത്തിയത്. ഗുജറാത്തിനായി സിദ്ധാര്‍ഥ് ദേശായ് രണ്ട് വിക്കറ്റ് വീഴ്ത്തി.

ന്നാം ഇന്നിംഗ്‌സില്‍ ഗുജറാത്ത് 388 റണ്‍സിന് ഓള്‍ഔട്ട്. ആറു വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സുമായി രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഗുജറാത്തിന് 54 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിച്ച നാലു വിക്കറ്റും നഷ്ടമായി.

ഗുജറാത്ത് വിക്കറ്റ് കീപ്പര്‍ ഹേത് പട്ടേല്‍ 185 റണ്‍സെടുത്തു. 245 പന്തില്‍ 29 ഫോറും രണ്ടു സിക്‌സും സഹിതം പൊരുതിയ അവസാനമാണ് പുറത്തായത്. കരണ്‍ പട്ടേലും ഗുജറാത്തിനായി സെഞ്ച്വറി നേടിയിരുന്നു. 166 പന്തുകള്‍ നേരിട്ട കരണ്‍ 18 ഫോറും ഒരു സിക്‌സും സഹിതം 120 റണ്‍സാണെടുത്തു.

കേരളത്തിനായി ശ്രീശാന്തിന് പകരക്കാരനായി ഇറങ്ങിയ എംഡി നിധീഷ് അഞ്ച് വിക്കറ്റു വീഴ്ത്തി. ബേസില്‍ തമ്പി 19.1 ഓവറില്‍ 118 റണ്‍സ് വഴങ്ങി നാലു വിക്കറ്റു നേടി. ശേഷിക്കുന്ന ഒരു വിക്കറ്റ് ഏദന്‍ ടോം ആപ്പിളിനാണ്.