മികച്ച തുടക്കം മുതലാക്കാനാകാതെ സഞ്ജു, അര്‍ദ്ധ സെഞ്ച്വറി നേടി രോഹനും സച്ചിനും, കേരളം മുന്നോട്ട്

രഞ്ജി ട്രോഫിയില്‍ മുംബൈക്കെതിരായ മത്സരത്തില്‍ കേരളം മികച്ച നിലയില്‍. തുമ്പ സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ മുംബൈയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 251 റണ്‍സ് പിന്തുടരുന്ന കേരളം രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാലിന് 194 എന്ന നിലയിലാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം നാല് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെന്ന നിലയിലാണ്.

അര്‍ദ്ധ സെഞ്ച്വറി നേടി 53 റണ്‍സുമായി സച്ചിന്‍ ബേബിയും 14 റണ്‍സുമായി വിഷ്ണു വിനോദുമാണ് ക്രീസില്‍. രോഹന്‍ കുന്നുമ്മലും കേരളത്തിനായി അര്‍ദ്ധ സെഞ്ച്വറി നേടി. രോഹന്‍ 56 റണ്‍സ് നേടി. മത്സരത്തില്‍ നായകന്‍ സഞ്ജു സാംസണ് മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 36 പന്തില്‍ 38 റണ്‍സുമായി താരം മടങ്ങി. കൃഷ്ണ പ്രസാദ് (21), രോഹന്‍ പ്രേം (0) എന്നിവരാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ട മറ്റ് രണ്ട് വിക്കറ്റുകള്‍.

മുംബൈയ്ക്കായി മോഹിത് അവാസ്തി രണ്ട് വിക്കറ്റ് നേടി. ശിവം ദുബെ, ഷംസ് മുലാനി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ, ശ്രേയസ് ഗോപാലിന്റെ നാല് വിക്കറ്റ് പ്രകടനമാണ് മുംബൈയെ തകര്‍ത്തത്.

ടോസ് നേടി ബാറ്റിംഗിനെത്തിയ മുംബൈയെ കേരളം 251ന് എറിഞ്ഞിടുകയായിരുന്നു. തനുഷ് കൊട്യന്‍ (56), ഭുപന്‍ ലാല്‍വാനി (50), ശിവം ദുബെ (51) എന്നിവര്‍ മാത്രമാണ് മുംബൈ നിരയില്‍ തിളങ്ങിയത്.