വാലറ്റം പൊരുതി; വിദര്‍ഭയ്ക്ക് ഒന്നാം ഇന്നിംഗ്‌സില്‍ 246 റണ്‍സ്

രഞ്ജി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിനെതിരെ വിദര്‍ഭയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍. വാലറ്റം അസാമാന്യ പോരാട്ടവീര്യം കാഴ്ച്ചവെച്ച മത്സരത്തില്‍ 246 റണ്‍സാണ് വിദര്‍ഭ ഒന്നാം ഇന്നിംഗ്‌സില്‍ സ്വന്തമാക്കിയത്. 9ന് 193 എന്ന പരിതാപകരമായ അവസ്ഥയിലായിരുന്ന വിദര്‍ഭയെ പത്താം വിക്കറ്റില്‍ വഖാരെയും (27 നോട്ടൗട്ട്) ലളിത് യാദവും (24) ചേര്‍ന്ന് നേടിയ 53 റണ്‍സ് 246ല്‍ എത്തിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം ഒന്നാം ദിവസം കളി നിര്‍ത്തമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സ് എന്ന നിലയിലാണ്. എട്ട് റണ്‍സെത്ത മുഹമ്മദ് അസ്ഹറുദ്ദീനും രണ്‍സൊന്നും എടുക്കാതെ നെെറ്റ് വാച്ച്മാന്‍ സന്ദീപ് വാര്യരുമാണ് പുറത്തായ കേരള താരങ്ങള്‍. 13 റണ്‍സുമായി ജലജ് സക്‌സേനയും മൂന്ന് റണ്‍സുമായി രോഹണ്‍ പ്രേമുമാണ് ക്രീസില്‍. ഇതോടെ 8 വിക്കറ്റ് അവശേഷിക്കെ കേരളത്തിന് വിദര്‍ഭയോടൊപ്പമെത്താന്‍ ഇനി 213 റണ്‍സ് കൂടി മതി.

ഏഴാമതായി ഇറങ്ങി അര്‍ധ സെഞ്ച്വറി നേടിയ വാഡ്കറും (53) എട്ടാമതായി ഇറങ്ങിയ സര്‍ത്തും (36) വിദര്‍ഭയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. മല്‍സരം സമനിലയിലായാല്‍ ഒന്നാം ഇന്നിങ്‌സില്‍ ലീഡു നേടുന്നവരാകും സെമിയിലേക്ക് യോഗ്യത നേടുകയെന്നതിനാല്‍ കരുതലോടെയായിരുന്നു വിദര്‍ഭയുടെ നീക്കം.

നേരത്തെ, കെ.സി.അക്ഷയ്യുടെ തകര്‍പ്പന്‍ ബോളിങ് പ്രകടനമാണ് കരുത്തരായ വിദര്‍ഭയെ പിടിച്ചുകെട്ടാന്‍ കേരളത്തിന് സഹായകരമായത്. 31 ഓവറില്‍ 66 റണ്‍സ് മാത്രം വഴങ്ങി കേരളത്തിന്റെ ഈ പുതിയ ബോളിങ് ഹീറോ അഞ്ച് വിക്കറ്റു വീഴ്ത്തി. ജലജ് സക്‌സേന മൂന്നു വിക്കറ്റുകളും സ്വന്തമാക്കി.

രണ്ടാം ദിനം മൂന്നിനു 45 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച വിദര്‍ഭയെ അക്ഷയ്യുടെ നേതൃത്വത്തിലുള്ള ബോളിങ് സംഘം വരിഞ്ഞു മുറുക്കുകയായിരുന്നു. 95 റണ്‍സ് എടുക്കുന്നതിനിടെ ആറു വിക്കറ്റുകള്‍ നഷ്ടപ്പെട്ട വിദര്‍ഭയെ ഏഴാം വിക്കറ്റില്‍ എ.വി.വാഡ്കറും എ.എ.സര്‍വതേയും ചേര്‍ന്നാണ് 150 കടത്തിയത്. സ്‌കോര്‍ 169ല്‍വച്ച് സര്‍വതേയെ (36) അക്ഷയ് പുറത്താക്കി. 53 റണ്‍സെടുത്ത എ.വി.വാഡ്ക്കറാണ് വിദര്‍ഭയുടെ ടോപ് സ്‌കോറര്‍.