കടുവകളെ തുരത്താന്‍ ഇന്ത്യ; കാലാവസ്ഥ റിപ്പോര്‍ട്ട് ഇങ്ങനെ

പുതിയ ദിവസം, പക്ഷേ മഴയ്ക്ക് ശമനമുണ്ടാകില്ല. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന മത്സരമായ ഇന്ത്യ-ബംഗ്ലാദേശ് മത്സരവും മഴയെ തുടര്‍ന്ന് വൈകിയേക്കും. എന്നിരുന്നാലും, ഇന്നലെ നടന്ന ശ്രീലങ്ക-പാക് മത്സരത്തെ അപേക്ഷിച്ച് ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തില്‍ മഴ വരുത്തുന്ന കാലതാമസം അല്‍പ്പം കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കൊളംബോയില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. മത്സരം നടക്കുന്ന പകല്‍ സമയത്ത് 65 ശതമാനമാണ് മഴയ്ക്കുള്ള സാധ്യത. വൈകിട്ട് അഞ്ച് മണി മുതല്‍ ഇടിയോട് കൂടിയ മഴയ്ക്കും സാധ്യത. എട്ട്, ഒമ്പത് വരെ മഴയ്ക്ക് സാധ്യതയുണ്ട്. മഴയെ തുടര്‍ന്ന് ടോസ് വൈകാനും സാധ്യതയേറെയാണ്.

മത്സരത്തിന് മുന്നോടിയായി ഓപ്ഷണല്‍ പരിശീലന സെഷന്‍ മാത്രമാണ് ഇന്ത്യ ക്രിക്കറ്റ് ടീം തിരഞ്ഞെടുത്തത്. 2023 ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ ഇതിനകം തന്നെ സ്ഥാനം ഉറപ്പിച്ചതിനാല്‍, വിരാട് കോഹ്ലി, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ എന്നിവര്‍ പരിശീലനത്തില്‍ നിന്ന് വിട്ടുനിന്നു.

ശ്രേയസ് അയ്യര്‍ക്ക് പുറമെ ശാര്‍ദുല്‍ താക്കൂര്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, തിലക് വര്‍മ്മ എന്നിവര്‍ മാത്രമാണ് പരിശീലനത്തില്‍ പങ്കെടുത്തത്. പ്രതീക്ഷിച്ചതുപോലെ, വര്‍ക്ക് ലോഡ് മാനേജ്‌മെന്റ് സ്‌കീമിന്റെ ഭാഗമായ ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ക്കും നെറ്റ് സെഷനുകള്‍ ഉണ്ടായിരുന്നില്ല. മൂന്ന് ദിവസത്തെ തുടര്‍ച്ചയായ ക്രിക്കറ്റ് മത്സരങ്ങള്‍ക്കൊടുവില്‍ ബുധനാഴ്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വിശ്രമം ലഭിച്ചു.

ശ്രേയസ് അയ്യര്‍ ബാറ്റിംഗ് പരിശീലനം പുനരാരംഭിച്ചു എന്നതാണ് സന്തോഷവാര്‍ത്ത. നടുവേദനയില്‍ നിന്ന് കരകയറുന്ന അദ്ദേഹത്തിന് ഇന്ത്യ- പാകിസ്ഥാന്‍, ഇന്ത്യ-ശ്രീലങ്ക മത്സരങ്ങള്‍ നഷ്ടമായി. എന്നാല്‍ ഇന്നത്തെ പോരാട്ടത്തില്‍ അദ്ദേഹം കളിക്കുമോ എന്നത് വ്യാഴാഴ്ചത്തെ ഫിസിയോകളുടെ ഫിറ്റ്‌നസ് റിപ്പോര്‍ട്ടിനെ ആശ്രയിച്ചിരിക്കും.