ചെന്നൈയെ തച്ചുതകര്‍ത്ത് രാഹുല്‍; പഞ്ചാബിന് പ്രതീക്ഷയേകുന്ന ജയം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനുമേല്‍ ഉശിരന്‍ ജയം കുറിച്ച പഞ്ചാബ് പ്ലേ ഓഫ് പ്രതീക്ഷ കാത്തു. ഏകപക്ഷീയമായ മത്സരത്തില്‍ ഏഴ് ഓവര്‍ ബാക്കിവച്ച് ആറ് വിക്കറ്റിനായിരുന്നു പഞ്ചാബിന്റെ ജയം. ഇതോടെ 12 പോയിന്റുമായി റണ്‍റേറ്റിന്റെ പിന്‍ബലത്തില്‍ മുംബൈ ഇന്ത്യന്‍സിനെ മറികടന്ന് പഞ്ചാബ് കിംഗ്‌സ്  ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്കു കയറി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും മുംബൈ ഇന്ത്യന്‍സിന്റെയും അവസാന മത്സര ഫലങ്ങള്‍ പഞ്ചാബ് കിംഗ്‌സ് പ്ലേ ഓഫില്‍ എത്തുമോ ഇല്ലയോ എന്നു വിധിയെഴുതും. തോല്‍വിയോടെ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തു കയറാനുള്ള അവസരം സൂപ്പര്‍ കിംഗ്‌സ് (18) നഷ്ടപ്പെടുത്തി. സ്‌കോര്‍: ചെന്നൈ- 134/6 (20 ഓവര്‍). പഞ്ചാബ്- 139/4 (13).

ദുബായിയിലെ കളത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ പഞ്ചാബ് കിംഗ്‌സ് നായകന്‍ കെ.എല്‍. രാഹുല്‍ നിറഞ്ഞാടിയെന്നു പറയാം. 42 പന്തില്‍ പുറത്താകാതെ 98 റണ്‍സ് അടിച്ചുകൂട്ടിയ രാഹുല്‍ സൂപ്പര്‍ കിംഗ്‌സ് ബോളര്‍മാരെ നിലംപരിശാക്കി. ഏഴു ബൗണ്ടറികളും എട്ട് സിക്‌സും രാഹുലിന്റെ ബാറ്റില്‍ നിന്ന് മൂളിപ്പറന്നു. രാഹുല്‍ കത്തിക്കയറിയപ്പോള്‍ സൂപ്പര്‍ കിംഗ്‌സിന്റെ സ്റ്റാര്‍ പേസര്‍ ദീപക് ചഹാര്‍ ധാരാളം റണ്‍സ് വഴങ്ങി. നാല് ഓവറില്‍ 48 റണ്‍സാണ് ദീപക് വിട്ടുകൊടുത്തത്.

ഒരു വശത്ത് നിന്ന് വിക്കറ്റുകള്‍, മായങ്ക് അഗര്‍വാളിന്റെയും (12) സര്‍ഫ്രാസ് ഖാന്റെയും (0) ഷാരൂഖ് ഖാന്റെയും (8) എയ്ദന്‍ മര്‍ക്രാമിന്റെയും (13) രൂപത്തില്‍ പൊഴിയുമ്പോള്‍ രാഹുല്‍ അനായാസം റണ്‍സ് കണ്ടെത്തുകയായിരുന്നു. സിക്‌സര്‍ പറത്തി രാഹുല്‍ പഞ്ചാബിന്റെ ജയം പൂര്‍ത്തിയാക്കിയ നേരം മോയ്‌സസ് ഹെന്റിക്വസ് (3 നോട്ടൗട്ട്) ക്യാപ്റ്റന് കൂട്ടായി നിന്നു. സൂപ്പര്‍ കിംഗ്‌സിനുവേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തിയ പേസര്‍ ഷാര്‍ദുല്‍ താക്കൂര്‍ വേറിട്ട പ്രകടനം പുറത്തെടുത്തു.