ദ്രാവിഡിന്റെ കോച്ചിംഗ്; മാര്‍ക്കിട്ട് രവി ശാസ്ത്രി, സത്യമെന്ന് ആരാധകര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ചെന്ന നിലയില്‍ രാഹുല്‍ ദ്രാവിഡിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് വിലയിരുത്തലുമായി മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഇന്ത്യന്‍ ടീമിന്റെ മുഖ്യ കോച്ചെന്ന നിലയില്‍ രാഹുല്‍ ദ്രാവിഡ് മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് രവി ശാസ്ത്രിയുടെ വിലയിരുത്തല്‍.

കോച്ചെന്ന നിലയില്‍ ടീമില്‍ നിന്നും ഏറ്റവും മികച്ചത് പുറത്തുകൊണ്ടുവരാന്‍ രാഹുല്‍ ദ്രാവിഡിനു സമയമെടുക്കും. എനിക്കും നേരത്തേ സമയമെടുത്തിരുന്നു. രാഹുലിനും അത് ആവശ്യമാണ്.

പക്ഷെ എന്‍സിഎയില്‍ ഉണ്ടായിരുന്നുവെന്നതു രാഹുലിനു മുതല്‍ക്കൂട്ടാണ്. കൂടാതെ അദ്ദേഹം ഇന്ത്യന്‍ എ ടീമിനൊപ്പവും പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ സീനിയര്‍ ടീമിനൊപ്പവും പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണ്.

സമകാലിക ക്രിക്കറ്റര്‍മാര്‍ക്കും ഈ സംവിധാനത്തിനുമൊപ്പം പരിചയസമ്പത്തുള്ള വ്യക്തിയാണ് രാഹുല്‍. അദ്ദേഹത്തിനു സമയം നല്‍കൂയെന്നും ശാസ്ത്രി ആവശ്യപ്പെട്ടു.

ശാസ്ത്രിയുടെ വിലയിരുത്തലില്‍ ആരാധകരും തൃപ്തരാണ്. എന്നാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ഏകദിന ലോകകപ്പും ഈ വര്‍ഷം നടക്കാനിരിക്കെ മികച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കില്‍ ദ്രാവിഡും ടീമും ഏറെ വിമര്‍ശനം ഏല്‍ക്കേണ്ടിവരും.