'അവനെ ആരുടെ സ്ഥാനത്ത് കളിപ്പിക്കും', ഓവലിലെ സാദ്ധ്യതകള്‍ പറഞ്ഞ് ചോപ്ര

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ വമ്പന്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ വേണമെന്ന ആവശ്യം ഉയരുകയാണ്. ഓവലിലെ നാലാം ടെസ്റ്റില്‍ ലീഡ്‌സിലെ ടീമുമായി കളിക്കില്ലെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും സൂചിപ്പിച്ചു. അതിനാല്‍ മധ്യനിരയിലെ യുവ ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവിന് വഴി തെളിയുമോയെന്ന് ഏവരും ഉറ്റുനോക്കുന്നു. എന്നാല്‍ സൂര്യകുമാര്‍ യാദവിനെ ആരുടെ സ്ഥാനത്ത് കളിപ്പിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര ചോദിക്കുന്നു.

സൂര്യകുമാര്‍ യാദവോ, അതു നടക്കാന്‍ പോകുന്നില്ല. സൂര്യകുമാറിനെ എനിക്ക് ഇഷ്ടമാണ്. എനിക്ക് അയാളോട് പക്ഷപാതമുണ്ട്. പക്ഷേ, ആരുടെ സ്ഥാനത്ത് സൂര്യകുമാറിനെ കളിപ്പിക്കും. ആറാം നമ്പറില്‍ കളിപ്പിക്കാന്‍ സാധിക്കുമോ- ചോപ്ര ചോദിച്ചു.

ഇപ്പോള്‍ ടീമിലുള്ള ഒരു താരത്തെയും തൊടാനാവില്ല. രോഹിത്, രാഹുല്‍, പുജാര, രഹാനെ, ഋഷഭ് പന്ത് എന്നിവരൊക്കെ കളിക്കും. ആദ്യ ആറു പേരെയും ടീമില്‍ നിലനിര്‍ത്തിയാല്‍ പിന്നെ സ്ഥാനം അവശേഷിക്കുന്നില്ല. അതേസമയം, ഓഫ് സ്പിന്നര്‍ അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്തുന്നതിനെ ചോപ്ര അനകൂലിച്ചു.

ഓവലിലെ പിച്ച് അശ്വിന്റെ പന്തേറിനെ തുണയ്ക്കും. ഓവലില്‍ പന്ത് ടേണ്‍ ചെയ്യും. സറെയ്ക്കു വേണ്ടി കളിച്ച അശ്വിന് ഓവലിലെ പിച്ചിനെ കുറിച്ച് ധാരണയുണ്ട്. അതുകൊണ്ട് അശ്വിനെ തീര്‍ച്ചയായും പരിഗണിക്കാവുന്നതാണെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.