'അവനു വേണ്ടി കിരീടം നേടണം', ഇന്ത്യന്‍ ടീമിനെ പ്രചോദിപ്പിച്ച് റെയ്‌ന

ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കുവേണ്ടി ഇന്ത്യ ട്വന്റി20 ലോക കപ്പ് ജയിക്കണമെന്ന് മുന്‍ താരം സുരേഷ് റെയ്‌ന. ഐപിഎല്‍ മറ്റ് ടീമുകളെക്കാള്‍ ഇന്ത്യക്ക് ലോക കപ്പില്‍ സാധ്യത നല്‍കുന്നതായും റെയ്‌ന വിലയിരുത്തി.

ഇന്ത്യന്‍ ടീമിന് നല്‍കാനുള്ള സന്ദേശം ലളിതം. വിരാട് കോഹ്ലിക്കുവേണ്ടി കപ്പെടുക്കൂ. ക്യാപ്റ്റന്‍ എന്ന നിലയിലെ വിരാടിന്റെ അവസാന ലോക കപ്പ് ആയിരിക്കും ഇത്. അതിനാല്‍ത്തന്നെ താരങ്ങളെ സ്വന്തം കഴിവില്‍ വിശ്വസിക്കാന്‍ പ്രേരിപ്പിക്കാനും തന്റെ പിന്നില്‍ അണിനിരത്തിക്കാനും കോഹ്ലിക്ക് കഴിയണം- റെയ്‌ന പറഞ്ഞു.

ഇന്ത്യക്ക് നല്ല കളിക്കാരുണ്ട്. ടീം താളവും കാക്കുന്നു. ഇനി കളത്തിലെത്തി പദ്ധതികള്‍ നടപ്പിലാക്കുക മാത്രമേ വേണ്ടൂ. നമ്മുടെ എല്ലാ താരങ്ങളും യുഎഇയില്‍ കളിച്ച് ഫോം തെളിയിക്കുകയും അവിടത്തെ പരിതസ്ഥിതിയുമായി ഇണങ്ങുകയും ചെയ്തിട്ടുണ്ട്. ഐപിഎല്‍ മറ്റു ടീമുകള്‍ക്കുമേല്‍ ഇന്ത്യക്ക് മേല്‍ക്കൈ നല്‍കുന്നു. ഇന്ത്യയെ അതു ഫേവറിറ്റുകളാക്കുന്നു. ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും സാഹചര്യങ്ങളോട് സമാനമാണ് യുഎഇയിലേത്. അതുകൊണ്ടുതന്ന ഏഷ്യന്‍ ടീമുകള്‍ക്ക് സ്വാഭാവികമായി കളിക്കാന്‍ സാധിക്കുമെന്നും റെയ്‌ന പറഞ്ഞു.