'ഈ ജയത്തിലും ഒരു രസമുണ്ട്', സന്തോഷം മറച്ചുവെയ്ക്കാതെ ധോണി

ഐപിഎല്ലിന്റെ യുഎഇ ലെഗിലെ ഏറ്റവും മികച്ച മത്സരമായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ നടന്നത്. അവസാന പന്തുവരെ ഉദ്വേഗം നിറച്ച മത്സരത്തില്‍ സൂപ്പര്‍ കിങ്‌സ് ജയിച്ചു കയറി. കൊല്‍ക്കത്ത മുന്‍തൂക്കം പുലര്‍ത്തിയ കളിയിലാണ് ചെന്നൈ വിജയം പിടിച്ചെടുത്തത്. നന്നായി കളിക്കാതിരുന്നിട്ടും ജയിക്കാന്‍ കഴിയുന്നതില്‍ ഒരു രസമുണ്ടെന്ന് സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ്. ധോണി പറഞ്ഞു.

നല്ലൊരു വിജയമായിരുന്നു ഇന്നത്തേത്. നല്ല ക്രിക്കറ്റ് കളിക്കുന്ന നേരത്തും ചിലപ്പോള്‍ തോല്‍ക്കും. നന്നായി കളിക്കാതെ ജയിക്കുന്നതും ആസ്വാദ്യകരമാണ്. രണ്ടു ടീമുകളും മികച്ച ക്രിക്കറ്റ് കാഴ്ചവച്ചു. സൂപ്പര്‍ കിങ്‌സ് നന്നായി പന്തെറിഞ്ഞു. ഈ പിച്ചില്‍ പേസര്‍മാര്‍ക്ക് പന്തെറിയുക അത്ര എളുപ്പമുള്ള കാര്യമല്ല. ചെറിയ സ്‌പെല്ലുകള്‍ നല്‍കാനാണ് ശ്രമിച്ചതെന്നും ധോണി പറഞ്ഞു.

ജഡേജയുടെ സ്‌പെല്ലിനിടെ ബോള്‍ ബാറ്റിലേക്ക് വരുന്നുണ്ടായിരുന്നു. കൊല്‍ക്കത്ത ബാറ്റിംഗ് തുടങ്ങിയ രീതി കൈയടി അര്‍ഹിക്കുന്നു. പിച്ചിന്റെ സ്വഭാവം എന്തായിരിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. തുടര്‍ച്ചയായി കളി നടക്കുന്ന പിച്ചിനെ ഗ്രൗണ്ട്‌സ്മാന്‍ കൂടുതല്‍ നനയ്ക്കും. അതു പിച്ചില്‍ അല്‍പ്പമധികം പുല്ല് വളരാന്‍ കാരണമാകും. പാഠം പഠിക്കുന്നതിലും അതിനെ പരമാവധി പ്രയോജനപ്പെടുത്തി മത്സരത്തില്‍ ശക്തമായി തിരിച്ചുവരുന്നതിലുമാണ് കാര്യം- ധോണി കൂട്ടിച്ചേര്‍ത്തു.