'കോഹ്ലിയോട് അങ്ങനെ ആവശ്യപ്പെട്ടിട്ടില്ല', രൂക്ഷഭാഷയില്‍ പ്രതികരിച്ച് ബി.സി.സി.ഐ

ലോക കപ്പിനു ശേഷം ഇന്ത്യന്‍ ട്വന്റി20 ക്രിക്കറ്റ് ടീമിന്റെ നായക പദവി ഒഴിയാനുള്ള വിരാട് കോഹ്ലിയുടെ തീരുമാനം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ടീമിലെ പടലപ്പിണക്കമാണ് കോഹ്ലിയെ അത്തരമൊരു തീരുമാനം കൈക്കൊള്ളാന്‍ പ്രേരിപ്പിച്ചതെന്ന തരത്തിലെ വാര്‍ത്തകളും വന്നു. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ബിസിസിഐ.

വിരാട് കോഹ്ലിയോട് നായകസ്ഥാനം ഒഴിയാന്‍ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടില്ല. സ്വന്തം ഇഷ്ട പ്രകാരം അദ്ദേഹം എടുത്ത തീരുമാനമാണത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ വളരെ മികച്ച പ്രകടനമാണ് കോഹ്ലി കാഴ്ചവയ്ക്കുന്നത്. പിന്നെന്തിന് അദ്ദേഹത്തോട് സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെടണം- ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ ചോദിച്ചു.

മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയെ ലോക കപ്പ് ടീമിന്റെ മാര്‍ഗനിര്‍ദേശകനാക്കിയത് ആരെയും കുറച്ചുകാട്ടാനല്ലെന്നും ധുമാല്‍ വ്യക്തമാക്കി. മഹാനായ നായകനാണ് ധോണി. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ട്വന്റി20 ലോക കപ്പും രണ്ട് ഏഷ്യാ കപ്പുകളും ഏകദിന ലോക കപ്പും ചാംപ്യന്‍സ് ട്രോഫിയുമെല്ലാം ജയിച്ചു. ധോണിയുടെ റെക്കോഡുകള്‍ വിസ്മയകരമാണ്. ധോണിയെ പോലൊരു ഇതിഹാസത്തിന്റെ സാന്നിധ്യം ഇന്ത്യന്‍ ടീമിന് ഗുണം ചെയ്യും. അല്ലാതെ ആരെയും താഴ്ത്തിക്കെട്ടാനല്ല ധോണിയെ മെന്ററാക്കിയതെന്നും ധുമാല്‍ പറഞ്ഞു.