'സച്ചിന്‍ ഔട്ട് അംഗീകരിച്ചെന്ന് പറഞ്ഞിട്ടില്ല'; ഹാര്‍പ്പര്‍ പറഞ്ഞത് നുണയെന്ന് പ്രസാദ്

ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെയുള്ള പക്ഷപാതപരമായ തീരുമാനങ്ങളിലൂടെ ഇന്ത്യന്‍ ആരാധകരുടെ കണ്ണിലെ കരടായ വ്യക്തിയാണ് മുന്‍ ഓസ്ട്രേലിയന്‍ അമ്പയര്‍ ഡാരില്‍ ഹാര്‍പ്പര്‍. തോളില്‍ തട്ടിയ പന്ത് എല്‍ബിഡബ്ല്യു വിളിച്ച് സച്ചിനെ പുറത്താക്കിയ അമ്പയര്‍. അടുത്തിടെ സച്ചിന്റെ ഈ ഔട്ട് വിളിച്ചതില്‍ മനസ്താപമില്ലെന്നും ആ തീരുമാനത്തില്‍ അഭിമാനിക്കുന്നെന്നും പറഞ്ഞ് ഹാര്‍പ്പര്‍ രംഗത്ത് വന്നിരുന്നു. സച്ചിന്‍ തന്നെ ആ ഔട്ട് അംഗീകരിച്ചിരുന്നതായി മുന്‍ ചീഫ് സിലക്ടര്‍ എം.എസ്.കെ. പ്രസാദ് തന്നോട് വെളിപ്പെടുത്തിയിരുന്നെന്നും ഹാര്‍പ്പര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഹാര്‍പ്പറിന്റെ പ്രസ്താവനയെ തള്ളി രംഗത്ത് വന്നിരിക്കുകയാണ് പ്രസാദ്.

ആ ഔട്ട് സച്ചിന്‍ അംഗീകരിച്ചതായി താന്‍ പറഞ്ഞിട്ടില്ലെന്ന് പ്രസാദ് വ്യക്തമാക്കി. 2018-ല്‍ ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്കിടെ ഭക്ഷണ സമയത്ത് ഹാര്‍പറെ കണ്ടിരുന്നു എന്നത് സത്യമാണ്. “അന്ന് തോളിലിടിച്ച പന്തില്‍ ഔട്ട് വിളിച്ചതിനെ കുറിച്ച് എന്താണ് സച്ചിന്റെ പ്രതികരണം” എന്ന് ഹാര്‍പര്‍ എന്നോടു ചോദിച്ചിരുന്നു.

National selectors want pay rise

“താങ്കള്‍ സച്ചിനെ ഔട്ട് വിളിച്ചാലും നോട്ടൗട്ട് വിളിച്ചാലും അദ്ദേഹം ആ തീരുമാനത്തെ ചോദ്യം ചെയ്യില്ല. എന്നാണ് ഞാന്‍ ഹാര്‍പ്പറിനോട് പറഞ്ഞത്. വിക്കറ്റ് സച്ചിന്‍ അംഗീകരിച്ചിരുന്നു എന്നല്ല. “അമ്പയറിനെ ചോദ്യം ചെയ്യുന്നത് സച്ചിന്റെ രീതിയല്ല. അതുകൊണ്ടൊക്കെയാണ് അദ്ദേഹം ഇന്നും ഞങ്ങളുടെ ഓരോരുത്തരുടെയും മാതൃകയായി തുടരുന്നത്. അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിലെ ദൈവമായി വളര്‍ന്നതും അങ്ങനെതന്നെയാണ്.” എന്നായിരുന്നു അന്ന് എന്റെ മറുപടി.” പ്രസാദ് പറഞ്ഞു.

Still proud of that decision: Former umpire Daryl Harper recalls ...

1999-ലെ അഡ് ലെയ്ഡ് ടെസ്റ്റിലാണ് തോളിലിടിച്ച ഗ്ലെന്‍ മഗ്രാത്തിന്റെ പന്തില്‍ സച്ചിനെ എല്‍.ബി.ഡബ്ല്യു വിധിച്ച് ഹാര്‍പ്പര്‍ പുറത്താക്കിയത്. മത്സരത്തിലെ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ തകരുന്നതിനിടെയാണ് തോളിലിടിച്ച പന്തില്‍ ഹാര്‍പ്പര്‍ സച്ചിനെ പുറത്താക്കിയത്. ബൗണ്‍സറെന്ന് കരുതിയ മഗ്രാത്തിന്റെ പന്തില്‍ ഒഴിഞ്ഞു മാറാന്‍ കുനിഞ്ഞ സച്ചിന്റെ തോളില്‍ പന്ത് തട്ടുകയായിരുന്നു. ഓസീസ് താരങ്ങള്‍ ഒന്നടങ്കം അപ്പീല്‍ ചെയ്തതോടെ ഹാര്‍പ്പര്‍ ഔട്ട് വിധിക്കുകയും ചെയ്തു.