'ഓപ്പണർ റോളിലുള്ള ഞങ്ങൾക്ക് പവർപ്ലേ വളരെ പ്രധാനപെട്ടതാണ്, ആ ഓവറുകളിൽ എങ്ങനെയൊക്കെ അടിക്കാം എന്ന ചിന്തയാണ് എനിക്കും ഹെഡിനും: അഭിഷേക് ശർമ്മ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് സൗണ് റൈസേഴ്‌സ് ഹൈദരാബാദ്. ആറ് വിക്കറ്റിന്റെ ജയമാണ് എസ് ആർ എച്ച് നേടിയത്. മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 244 റൺസ് വിജയലക്‌ഷ്യം എട്ട് പന്തുകൾ ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് മറികടന്നു.

ഹൈദരാബാദിന് വേണ്ടി ട്രാവിസ് ഹെഡ് 76 റൺസും ഹെൻഡ്രിച്ച് ക്ലാസൻ 65 റൺസും അഭിഷേക് ശർമ 45 റൺസും സാലിൽ അറോറ 30 റൺസും നിതീഷ് കുമാർ റെഡ്‌ഡി 21 റൺസും നേടി. മുംബൈയ്ക്ക് വേണ്ടി അല്ലാഹ് ഗസൻഫർ രണ്ട് വിക്കറ്റ് നേടി.

നേരത്തെ റിയാൻ റിക്കിൽട്ടന്റെ അപരാജിത സെഞ്ച്വറിയാണ് മുംബൈയെ വൻസ്കോറിലേക്ക് നയിച്ചത്. താരം 55 പന്തിൽ എട്ട് സിക്‌സറും പത്ത് ഫോറുകളും അടക്കം 123 റൺസ് നേടി. ഇപ്പോഴിതാ ഐപിഎലിൽ റൺ വേട്ടക്കാരിൽ ഒന്നാമനായി നിൽക്കുകയാണ് അഭിഷേക് ശർമ്മ. 9 മത്സരങ്ങളിൽ നിന്നായി 425 റൺസാണ് അഭിഷേക് നേടിയത്. ഇതോടെ വൈഭവിൽ നിന്ന് അഭിഷേക് ഓറഞ്ച് ക്യാപ് സ്വന്തമാക്കി. ഇപ്പോഴിതാ ഓറഞ്ച് ക്യാപ്പ് നേടിയതിനു ശേഷം സംസാരിച്ചിരിക്കുകയാണ് അഭിഷേക്.

‘ഒരു ഓപ്പണർ എന്ന നിലയിൽ നമ്മൾ പവർപ്ലെയിൽ എന്ത് ചെയ്യുന്നോ അതിലാണ് കാര്യം. അതാണ് ഞാനും ട്രാവിസും ചെയ്യാൻ പ്ലാൻ ഇടുന്നതും. ട്രാവിസ് വളരെ ശാന്തനാണ്. അദ്ദേഹം ബാറ്റ് കൊണ്ട് മറുപടി കൊടുക്കാറാണ് പതിവ്’ അഭിഷേക് ശർമ്മ പറഞ്ഞു.