കരീബിയൻ പടയിൽ ഇനി പൊള്ളാർഡ് ഇല്ല, ലോക കപ്പിന് തൊട്ടു മുമ്പ് ഇത് ടീമിന് വലിയ നഷ്ടം

വെസ്റ്റ് ഇന്‍ഡീസിന്റെ വൈറ്റ് ബോള്‍ ടീം നായകനും എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളുമായ കരെണ്‍ പൊള്ളാര്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. നിലവിൽ കളിക്കുന്ന താരങ്ങളിൽ ഏറ്റവും മികച്ച പവർ ഹിറ്ററുമാരിൽ ഒരാളായ പൊളളാർഡ് സമീപകാലത്ത് വലിയ ഫോമിൽ അല്ലായിരുന്നു. ഏത് വലിയ സ്കോർ, പിന്തുടരുമ്പോൾ തന്റെ ആയുധമായ പവർ ഹിറ്റിങ്ങിലൂടെ നിരവധി തവണ പൊള്ളാർഡ് ടീമിനെ വിജയവര കടത്തിയിട്ടുണ്ട്.

ഐസിസിയുടെ ടി20 ലോകകപ്പ് ഈ വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കെയാണ് വെസ്റ്റ് ഇന്റസിനെ കൂടുതൽ പ്രതിസന്ധിയിൽ ആക്കിയിട്ട് കൊണ്ട് താരം വിരമിക്കൽ പ്രഖ്യാപിക്കുന്നത്. എന്നാൽ ഐ.പി എൽ ഉൾപ്പടെ ഉള്ള ലീഗുകളിൽ താരം തുടർന്നും കളിക്കും.

“സൂക്ഷ്മമായ ആലോചനയ്ക്കു ശേഷം ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ തീരുമാനിച്ചു. നിരവധി യുവതാരങ്ങളെപ്പോലെ വെസ്റ്റ് ഇന്‍ഡീസ് ടീമിനെ പ്രതിനിധീകരിക്കുകയെന്നത് 10 വയസ്സ് മുതല്‍ എന്റെ സ്വപ്‌നമായിരുന്നു. ടി20, ഏകദിന ഫോര്‍മാറ്റുകളിലായി 15 വര്‍ഷത്തിലേറെക്കാലെ വിന്‍ഡീസ് ടീമിനു വേണ്ടി കളിക്കാനായതില്‍ അഭിമാനമുണ്ടെന്നും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ 34കാരനായ പൊള്ളാര്‍ഡ് പറഞ്ഞു.

വെസ്റ്റ് ഇന്‍ഡീസിനായി 123 ഏകദിനങ്ങളില്‍ ബാറ്റേന്തിയ പൊള്ളാര്‍ഡ് 26.01 ശരാശരിയില്‍ 2706 റണ്‍സടിച്ചിട്ടുണ്ട്. മൂന്ന് സെഞ്ചുറികളും 13 അര്‍ധസെഞ്ചുറികളും നേടി. 119 റണ്‍സാണ് ഏകദിനത്തിലെ ഉയര്‍ന്ന സ്കോര്‍. 101 ടി20 മത്സരങ്ങളില്‍ വിന്‍ഡീസ് കുപ്പായമണിഞ്ഞ പൊള്ളാര്‍ഡ് 25.30 ശരാശരിയില്‍ 1569 റണ്‍സും നേടിയിട്ടുണ്ട്. 83 റണ്‍സാണ് ടി20യിലെ ഉയര്‍ന്ന സ്കോര്‍.

ടീമംഗങ്ങളുമായി അടുത്ത കാലത്തായി താരം അത്ര സ്വര ചേർച്ചയിൽ ആയിരുന്നില്ല. ക്യാപ്റ്റൻ ആയിരിക്കെ താരത്തിന് എതിരെ പരാതികൾ ഉയർന്നിരുന്നു.