കടക്ക് പുറത്ത്.., ചുമതലയില്‍ മണിക്കൂറുകള്‍ മാത്രം, സല്‍മാന്‍ ബട്ടിന്റെ കസേര തെറിച്ചു

പിസിബി ചീഫ് സെലക്ടര്‍ വഹാബ് റിയാസിന്റെ കണ്‍സള്‍ട്ടന്റായി നിയമിതനായി മണിക്കൂറുകള്‍ക്കകം സല്‍മാന്‍ ബട്ടിനെ ആ സ്ഥാനത്ത് നിന്ന് നീക്കി. 2010ലെ കുപ്രസിദ്ധമായ ഒത്തുകളി വിവാദത്തിലെ പ്രതിനായകന്‍മാരില്‍ ഒരാളായ ബട്ടിനെ തലപ്പത്തേക്ക് കൊണ്ടുവന്നതിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ക്കും മാധ്യമ തിരിച്ചടിയും ഉണ്ടായതിന് പിന്നാലെയാണ് ബട്ടിനെ പുറത്താക്കിയത്. സല്‍മാന്‍ ബട്ട് തന്റെ ടീമില്‍ കാണില്ല എന്ന് മുഖ്യ സെലക്ടര്‍ വഹാബ് റിയാസ് മാധ്യമങ്ങളെ അറിയിച്ചു.

ആളുകള്‍ എന്നെയും സല്‍മാന്‍ ബട്ടിനെയും കുറിച്ച് പലതരം കാര്യങ്ങള്‍ സംസാരിക്കുന്നു. അതിനാല്‍, ഞാന്‍ തീരുമാനം മാറ്റുകയാണ്. ഞാന്‍ ഇതിനകം സല്‍മാന്‍ ബട്ടുമായി സംസാരിച്ചു. അദ്ദേഹത്തിന് എന്റെ ടീമിന്റെ ഭാഗമാകാന്‍ കഴിയില്ലെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്- റിയാസ് ലാഹോറില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വെള്ളിയാഴ്ചയാണ് ചീഫ് സെലക്ടര്‍ വഹാബിന്റെ കണ്‍സള്‍ട്ടന്റ് അംഗങ്ങളായി ബട്ട്, കമ്രാന്‍ അക്മല്‍, റാവു ഇഫ്തിഖര്‍ അഞ്ജും എന്നിവരെ പിസിബി നിയമിച്ചത്. ഈ നീക്കം മുന്‍ ഉദ്യോഗസ്ഥരില്‍ നിന്നും ക്രിക്കറ്റ് താരങ്ങളില്‍നിന്നും മാധ്യമങ്ങളില്‍നിന്നും തല്‍ക്ഷണം വിമര്‍ശനം നേരിട്ടു. 2010ലെ സ്പോട്ട് ഫിക്‌സിംഗ് അഴിമതിയില്‍ ബട്ടിന്റെ പങ്കാളിത്തം കാരണം, അത് ഒടുവില്‍ അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയര്‍ വരെ അവസാനിപ്പിച്ചു.

2010ല്‍ പാക് ക്രിക്കറ്റിനെ പ്രതിരോധത്തിലാക്കിയ ഒത്തുകളി വിവാദത്തില്‍ മുഹമ്മദ് ആമിര്‍, മുഹമ്മദ് ആസിഫ് എന്നിവര്‍ക്കൊപ്പം സല്‍മാന്‍ ബട്ടും പ്രതിയായിരുന്നു. പാകിസ്ഥാനായി 33 ടെസ്റ്റും 78 ഏകദിനങ്ങളും 24 രാജ്യാന്തര ടി 20കളും കളിച്ച താരത്തെ ഒത്തുകളി വിവാദത്തോടെ ഐസിസി 10 വര്‍ഷത്തേക്ക് വിലക്കിയിരുന്നു.