തിളങ്ങിയില്ലെങ്കില്‍ കരിയര്‍ എന്‍ഡ്, ഇന്നത്തെ മത്സരം സൂപ്പര്‍ താരത്തിന് നിര്‍ണായകം

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുളള ടി20 പരമ്പരയില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഇറങ്ങുന്നത് അമിത സമ്മര്‍ദ്ദവുമായി. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയും ബാറ്റിംഗ് കോച്ച് വിക്രം റാത്തോറും പന്തിനോട് ഉത്തരവാദിത്വത്തോടെ ബാറ്റ് ചെയ്തില്ലങ്കില്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ഇതോടെ ഇന്ന് മത്സരത്തില്‍ തിളങ്ങിയില്ലെങ്കില്‍ പന്തിന് കനത്ത വില നല്‍കേണ്ടി വരും.

കുറവ് അവസരങ്ങളാണ് ലഭിക്കുന്നതെങ്കിലും അത് പ്രയോജനപ്പെടുത്താന്‍ യുവ താരങ്ങള്‍ക്ക് കഴിയണം എന്നാണ് പന്തിനെ സൂചിപ്പിച്ച് കോഹ് ലിയുടെ മുന്നറിയിപ്പ്.

റിഷഭ് പന്ത് അടക്കമുള്ള താരങ്ങളില്‍ നിന്ന് ഉത്തരവാദിത്വത്തോടെയുള്ള പ്രകടനമാണ് ടീം പ്രതീക്ഷിക്കുന്നതെന്ന് ബാറ്റിംഗ് കോച്ച് റാത്തോര്‍ പറഞ്ഞു. “ടീമിന്റെ ഇനിയുള്ള തീരുമാനങ്ങളെല്ലാം ടി20 ലോക കപ്പ് മുന്നില്‍ കണ്ടായിരിക്കും. ലോക കപ്പ് ടീമില്‍ ഇടം നേടണമെങ്കില്‍ ഉത്തരവാദിത്വങ്ങള്‍ മറക്കരുത്. പന്ത് പ്രതിഭയുള്ള താരമാണ്. ഭയപ്പെടാതെ കളിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അതൊരിക്കലും അലക്ഷ്യമായിരിക്കരുത്. ഉത്തരവാദിത്വത്തോടെയുള്ള പ്രകടനമാണ് പ്രതീക്ഷിക്കുന്നത്”

മഹേന്ദ്ര സിംഗ് ധോണിയുടെ പിന്‍ഗാമി ആയിട്ടാണ് റിഷഭ് പന്തിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയത്. എന്നാല്‍ ലോക കപ്പിലും വിന്‍ഡീസ് പര്യടനത്തിലുമെല്ലാം പന്തിന് ഇതുവരെ തന്റെ യഥാര്‍ത്ഥ മികവ് പ്രകടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. വെസ്റ്റിന്‍ഡീസിനെതിരെ ഏകദിന, ടെസ്റ്റ് പരമ്പരയിലും പന്തിന് തിളങ്ങാനായില്ല. ഇതാണ് പന്തിന് ദക്ഷിണാഫ്രിക്കന്‍ പര്യടനം നിര്‍ണായകമാകുന്നത്.

അതെസമയം മറുവശത്ത് ശ്രേയസ് അയ്യരെ പോലുളള യുവ വിക്കറ്റ് കീപ്പര്‍മാര്‍ മികവ് പ്രകടിപ്പിച്ചു കഴിഞ്ഞു. വെസ്റ്റിന്‍ഡീസിനെതിരെ ഏകദിന പരമ്പരയില്‍ ശ്രേയസ് അയ്യര്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഇന്ത്യ എ ക്കായി മലയാളി താരം സഞ്ജു സാംസണും ബാറ്റ് കൊണ്ട് തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചിരുന്നു.