ഒരുത്തന്‍ പോലും ഇല്ലേടെ നമ്മുടെ കൂടെ 200 അടിക്കാന്‍ കഴിവുള്ളവന്‍; ഇന്ത്യയെ പുകഴ്ത്തി സ്വന്തം രാജ്യത്തെ പരിഹസിച്ച് പാക് താരം

ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ച് പാകിസ്ഥാന്റെ സമീപകാല പ്രകടനത്തെ വിമര്‍ശിച്ച് പാക് മുന്‍ താരം ഡാനിഷ് കനേരിയ. ഇന്ത്യയുടെ പ്രകടനം പാകിസ്ഥാന്‍ കണ്ടു പഠിക്കേണ്ടതാണെന്നും ഇന്ത്യന്‍ ടീമിനു തങ്ങളുടെ ഭാവിയെക്കുറിച്ച് വ്യക്തതയുണ്ടെന്നും അതാണ് അവരുടെ വളര്‍ച്ചയ്ക്കു കാരണമെന്നും കനേരിയ ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ക്രിക്കറ്റ് ശരിയായ ദിശയിലാണ് മുന്നോട്ടു പോയ്ക്കൊണ്ടിരിക്കുന്നത്. ടി20 ടീമിനെ മുന്നോട്ടു നയിക്കുക ഹാര്‍ദിക് പാണ്ഡ്യയായിരിക്കുമെന്നു ഇന്ത്യ വ്യക്തമാക്കിക്കഴിഞ്ഞു. രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയുമില്ലാതെ ശരിയായ ദിശയിലാണ് ഇന്ത്യ മുന്നോട്ടു പോയ്ക്കൊണ്ടിരിക്കുന്നത്. പക്ഷെ ഇവിടെ എല്ലാ ഫോര്‍മാറ്റുകളിലും പാകിസ്ഥാന്‍ ബാബര്‍ ആസമില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ്. പാകിസ്ഥാന്‍ ടീമില്‍ മാറ്റങ്ങളൊന്നും വരുത്തുകയും ചെയ്യുന്നില്ല.

ശക്തമായ ഒരു ടീമിനെ വാര്‍ത്തെടുക്കണമെങ്കില്‍ ചില കടുപ്പമേറിയ കോളുകള്‍ നിങ്ങള്‍ക്കു സ്വീകരിക്കേണ്ടതായി വരും. ഏകദിനത്തില്‍ പാകിസ്ഥാന്‍ സമീപകാലത്ത് വലിയൊരു സ്‌കോര്‍ ഉണ്ടാക്കിയിട്ടുണ്ടോ. ആരെങ്കിലും ഡബിള്‍ സെഞ്ച്വറി നേടിയിട്ടുണ്ടോ. ഏതെങ്കിലും ഓര്‍മിക്കാന്‍ കഴിയുന്ന പ്രകടനങ്ങള്‍ നമുക്കുണ്ടോ. ഇന്ത്യയെ പോലുള്ള മറ്റു രാജ്യങ്ങളുടെ പ്രകടനങ്ങള്‍ നമ്മള്‍ കണ്ട് പഠിക്കണം.

ന്യൂസിലന്‍ഡുമായുള്ള മൂന്നാം ഏകദിനത്തില്‍ ഫിയര്‍ലെസ് ക്രിക്കറ്റാണ് ഇന്ത്യ കളിച്ചത്. ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ നിര്‍ഭയരായാണ് ബാറ്റ് വീശിയത്. തങ്ങളുടെ സ്വാഭാവിക ഗെയിം കളിച്ച ഇരുവരും 109 റണ്‍സിന്റെ വിജയലക്ഷ്യം വെറും 20 ഓവറിലാണ് നേടിയെടുത്തത്. പക്ഷെ പാകിസ്ഥാന്‍ ആയിരുന്നു ഇന്ത്യയുടെ സ്ഥാനത്തെങ്കില്‍ അവര്‍ ഇന്നിംഗ്സ് പരമാവധി നീട്ടിക്കൊണ്ടു പോവാനായിരിക്കും ശ്രമിക്കുക. വ്യക്തിപരമായ റണ്‍സിനായാണ് പാക് താരങ്ങള്‍ ശ്രമിക്കാറുള്ളത്- കനേരിയ പറഞ്ഞു.