പാകിസ്ഥാന്‍- വിന്‍ഡീസ് മത്സരത്തിനിടെ ഇന്ത്യയോട് അഭ്യര്‍ത്ഥനയുമായി പാക് ആരാധകര്‍, വൈറല്‍

ഞായറാഴ്ച നടന്ന പാകിസ്ഥാന്‍-വിന്‍ഡീസ് പരമ്പരയിലെ അവസാന മത്സരത്തിനിടെ ഇന്ത്യയോട് പാക് ആരാധകര്‍ നടത്തിയ അഭ്യര്‍ത്ഥന സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഇന്ത്യ-പാകിസ്ഥാന്‍ മത്സരം വേണമെന്നാണ് പാക് ആരാധകന്റെ ആവശ്യം. ‘ടീം ഇന്ത്യയെ സ്വാഗതം ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്’ എന്നായിരുന്നു ഗ്യാലറില്‍ ഇരുന്ന് പാക് ആരാധകന്‍ ഉയര്‍ത്തിക്കാട്ടിയ പ്ലക്കാര്‍ഡില്‍ ഉണ്ടായിരുന്നത്. ക്യാമറ ഇത് കൃത്യമായി ഒപ്പിയെടുക്കുകയും ചെയ്തു.

ഇന്ത്യ പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര നടന്നിട്ട് പത്തു വര്‍ഷത്തിലേറെയായി. 2012-13ലായിരുന്നു ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അവസാനമായി ഒരു പരമ്പരയില്‍ ഏറ്റുമുട്ടിയത്. അന്നു പാകിസ്ഥാന്‍ ഇന്ത്യയില്‍ പര്യടനത്തിന് എത്തുകയായിരുന്നു. അതിനു ശേഷം അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരുടീമും നേര്‍ക്കുനേര്‍ വന്നത്.

രാഷ്ട്രീയ പ്രശ്നങ്ങള്‍ കാരണമാണു ഇരു ടീമുകളും തമ്മിലുള്ള ക്രിക്കറ്റ് പോരാട്ടങ്ങള്‍ നടക്കാത്തത്. 2021 ടി20 ലോക കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലാണ് ഇന്ത്യയും പാകിസ്ഥാനും ഒടുവില്‍ നേര്‍ക്കുനേര്‍ വന്നത്. ആ മത്സരത്തില്‍ പാകിസ്ഥാന്‍ 10 വിക്കറ്റിന് ജയിച്ചു. ലോക കപ്പില്‍ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന്‍ നേടിയ ഏക വിജയവും ഇതാണ്.

ഇന്ത്യ-പാക് പരമ്പര തിരികെ കൊണ്ടുവരുന്നതിന്റെ ആദ്യ പടിയായി ഇന്ത്യ, പാകിസ്ഥാന്‍, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ മത്സരിക്കുന്ന ചതുര്‍ രാഷ്ട്ര ടൂര്‍ണമെന്റ് തുടങ്ങാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ ശ്രമം നടത്തിയിരുന്നു. ഇക്കാര്യം ചര്‍ച്ചയായെങ്കിലും പദ്ധതി വിജയിച്ചില്ല.

Pakistan Fan's Banner Holding Special Message for Indian Cricket Team Goes Viral