വെടിക്കെട്ടിന് തിരികൊളുത്താന്‍ മിനിറ്റുകള്‍ മാത്രം; അങ്കക്കലിയുമായി മുംബൈയും ചെന്നൈയും

ഐപിഎല്ലിന്റെ രണ്ടാം ഘട്ടത്തിന് യുഎഇയില്‍ കൊടിയുയരുമ്പോള്‍  കന്നിപ്പോരില്‍ നേര്‍ക്കുനേര്‍നില്‍ക്കുന്നത് അതികായന്‍മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും. ഇന്ത്യന്‍ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ എം.എസ്.ധോണി നയിക്കുന്ന മുന്‍ ജേതാക്കളായ സൂപ്പര്‍ കിങ്‌സും രോഹിത് ശര്‍മ്മയുടെ കീഴില്‍ അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും പോരടിക്കുമ്പോള്‍ തീപാറുന്ന നിമിഷങ്ങള്‍ക്ക് ആരാധകര്‍ക്ക് സാക്ഷ്യംവഹിക്കും.

ഐപിഎല്ലില്‍ ഇനി 31 മത്സരങ്ങളാണ് അവശേഷിക്കുന്നത്. അതില്‍ ആദ്യത്തേിനു കളം ദുബായ്. സ്‌കോര്‍ പിന്തുടരുന്ന ടീമുകള്‍ക്ക് ദുബായിയിലെ പിച്ച് അത്ര സുഖകരമല്ല.180നു മേലുള്ള സ്‌കോര്‍ ദുബായിയില്‍ ചേസ് ചെയ്യുക പ്രയാസകരം. സ്പിന്നര്‍മാര്‍ക്കും പേസര്‍മാര്‍ക്കും പിച്ച് തുണയേകും. ബൗണ്ടറികള്‍ അകലെയാണെന്നത് ബാറ്റ്‌സ്മാന്‍മാരെ ബുദ്ധിമുട്ടിക്കും.

യുഎഇയില്‍ ചെന്നൈയുടെ സ്ഥിതി അത്ര മെച്ചപ്പെട്ടതല്ല. എങ്കിലും സുരേഷ് റെയ്‌നയും അമ്പാട്ടി റായിഡുവും അടക്കം മത്സരം ജയിക്കാന്‍ പ്രാപ്തിയുള്ളവര്‍ സൂപ്പര്‍ കിങ്‌സിലുണ്ട്. മറുവശത്ത് മുംബൈ നിരയ്ക്ക് ഏതു സാഹചര്യത്തെയും അതിജീവിക്കാനുള്ള മികവുണ്ട്. രോഹിത് ശര്‍മ്മയും ജസ്പ്രീത് ബുംറയും അവരുടെ കരുത്തരായ പോരാളികള്‍. കെയ്‌റണ്‍ പൊള്ളാര്‍ഡും ഹാര്‍ദിക് പാണ്ഡ്യയും ഫോമിലെത്തിയാല്‍ മുംബൈ ഇന്ത്യന്‍സിന് വിജയം അപ്രാപ്യമല്ല.