ചെന്നൈയില്‍ രണ്ടാമത് ബാറ്റ് ചെയ്ത് ജയിക്കുക ദുഷ്‌കരം; കാരണം പറഞ്ഞ് രോഹിത് ശര്‍മ

ചെന്നൈയില്‍ രണ്ടാമത് ബാറ്റ് ചെയ്ത് ജയിക്കുക എന്നത് ഏറെ ദുഷ്‌കരമാണെന്ന് മുംബൈ നായകന്‍ രോഹിത് ശര്‍മ. ഹൈദരാബാദിനെതിരായ മത്സരത്തിന് ശേഷം സംസാരിക്കവേയാണ് രോഹിത് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ പിച്ച് സ്ലോവാകുന്നുണ്ടെന്നാണ് ഇതിന് കാരണമായി രോഹിത് പറഞ്ഞത്.

“ചെന്നൈയില്‍ രണ്ടാമത് ബാറ്റ് ചെയ്യുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. കാരണം രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ പിച്ച് സ്ലോവാകുന്നുണ്ട്. രാഹുല്‍ ചഹാര്‍ പന്തെറിയുമ്പോള്‍ നോക്കുക. അവന്റെ നാലാം ഓവറിലും പന്ത് ടേണ്‍ ചെയ്യാന്‍ സാധിക്കുന്നുണ്ട്. അത് ഏകദേശം 13,14 ഓവറുകളായിരിക്കും. ഇത് മുംബൈയില്‍ സാധിക്കുന്ന കാര്യമല്ല. 20ാം ഓവര്‍വരെ ബോളര്‍മാര്‍ക്ക് മികവ് കാട്ടാന്‍ സാധിക്കുന്നു. പേസര്‍മാര്‍ക്കും സമാന പിന്തുണ ലഭിക്കുന്നു. പന്തിന് റിവേഴ്സിംഗ് ലഭിക്കുന്നു. ഇത് ബാറ്റ്സ്മാന്‍മാര്‍ക്ക് വളരെ പ്രയാസമുണ്ടാക്കുന്നു” രോഹിത് പറഞ്ഞു.

Image

നേരത്തെ കീറോണ്‍ പൊള്ളാര്‍ഡും ചെന്നൈയിലെ പിച്ച് കടുപ്പമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ചെന്നൈയിലെ പിച്ചുമായി പൊരുത്തപ്പെടാന്‍ പാടാണെന്നും അവസാന ഓവറുകളില്‍ നേടാന്‍ സാധിച്ച അധിക റണ്‍സുകളാണ് ടീമിന് വിജയം നേടാന്‍ സഹായിച്ചതെന്നുമാണ് പൊള്ളാര്‍ഡ് പറഞ്ഞത്.

Image

13 റണ്‍സിനാണ് ഹൈദരാബാദിനെതിരായ മത്സരം മുംബൈ ജയിച്ചു കയറിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തപ്പോള്‍ ഹൈദരാബാദിന്റെ മറുപടി ബാറ്റിംഗ് 19.4 ഓവറില്‍ 137 റണ്‍സില്‍ അവസാനിച്ചു.