ഏകദിന ലോകകപ്പ്: ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചത് കമ്മിന്‍സിന്റെ ആ തീരുമാനം; വിലയിരുത്തലുമായി ബട്ട്

ലോകകപ്പില്‍ ഇന്ത്യക്കെതിരായ ഓസ്ട്രേലിയയുടെ പരാജയത്തിന്റെ പ്രധാന കാരണം ചൂണ്ടിക്കാണിച്ച് പാകിസ്ഥാന്‍ മുന്‍ താരം സല്‍മാന്‍ ബട്ട്. ഇന്ത്യക്കെതിരേ ഓസ്ട്രേലിയ കാണിച്ച ഏറ്റവും വലിയ അബദ്ധം ടോസ് ലഭിച്ചിട്ടും ബാറ്റിംഗ് തിരഞ്ഞെടുത്തതാണെന്നു ബട്ട് വിലയിരുത്തി.

ഈ പിച്ചില്‍ ബോള്‍ സ്പിന്‍ ചെയ്യുമെന്നതു മനസ്സിലാക്കിയാണോ ആദ്യം ബാറ്റ് ചെയ്യാന്‍ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് തീരുമാനമെടുത്തത്? മല്‍സരം പുരോഗമിക്കവെ ബാറ്റിംഗ് വീണ്ടും കടുപ്പമാവുമെന്നും അവര്‍ കരുതിയിട്ടുണ്ടാവും. പക്ഷെ രാത്രിയിലെ മഞ്ഞുവീഴ്ച കണക്കിലെടുക്കാതെയാണ് ഓസീസ് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തത്.

ചെന്നൈയിലെ പിച്ച് ആര്‍ക്കും അപരിചിതമല്ല. ഇന്ത്യയുടെയും ഓസ്ട്രേലിയയുടേയുമെല്ലാം താരങ്ങള്‍ ഇവിടെ നേരത്തേ കളിച്ചിട്ടുള്ളതാണ്. ഈ മല്‍സരത്തിനു രണ്ട്-മൂന്ന് ദിവസങ്ങള്‍ മുമ്പ് തന്നെ ഇരുടീമുകളും ചെന്നൈയിലെത്തുകയും ഇവിടുത്തെ സാഹചര്യത്തെക്കുറിച്ച് വിലയിരുത്തുകയും പരിശീലനം നടത്തുകയുമെല്ലാം ചെയ്തിട്ടുണ്ടാവും. രാത്രിയില്‍ എപ്പോഴായിരിക്കും മഞ്ഞുവീഴ്ച തുടങ്ങുകയെന്നും മനസ്സിലായിട്ടാവും.

പക്ഷെ ഓസ്ട്രേലിയക്കു പിച്ചിന്റെ സ്വഭാവം മനസ്സിലാക്കുന്നതില്‍ പിഴവ് നേരിട്ടു. ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ ബോള്‍ ബാറ്റിലേക്കു വരുമെന്നും പിന്നീട് ബാറ്റിംഗ് കൂടുതല്‍ ബുദ്ധിമുട്ടായിരിക്കുമെന്നും അവര്‍ കണക്കുകൂട്ടി. പക്ഷെ ഇതു പാടെ പിഴയ്ക്കുകയായിരുന്നു. ഓസ്ട്രേലിയയുടെ പരാജയത്തിനു ഏറ്റവം വലിയ കാരണവും ഈ പിഴവ് തന്നെ- ബട്ട് നിരീക്ഷിച്ചു.