ഏകദിന ലോകകപ്പ്: പാകിസ്ഥാന്റെ ഈ അവസ്ഥയ്ക്ക് കാരണം ഇന്ത്യ; തുറന്നടിച്ച് പാക് ഓപ്പണര്‍

തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷം ഏകദിന ലോകകപ്പില്‍ ബാബര്‍ അസമിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി നാല് മത്സരങ്ങള്‍ തോറ്റതിന് ശേഷം, മെന്‍ ഇന്‍ ഗ്രീന്‍, ലോകകപ്പിലെ 31-ാം മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ പരാജയപ്പെടുത്തി.

മത്സരത്തില്‍ സ്ഫോടനാത്മക ഇന്നിംഗ്സുമായി പാക് ടീമിന്റെ ഹീറോയായി മാറിയത് ഓപ്പണര്‍ ഫഖര്‍ സമാനായിരുന്നു. 74 ബോളില്‍ ഏഴു സിക്സറും മൂന്നു ഫോറുമടക്കം 81 റണ്‍സ് ഫഖര്‍ അടിച്ചെടുത്തത്. മോശം ഫോമിലൂടെ കടന്നു പോയ താരത്തിനും തുടര്‍തോല്‍വികളാല്‍ വലഞ്ഞ ടീമിനും ബാംഗ്ലാദേശിനെതിരായ മത്സരം ഒരു ഉണര്‍വായിരുന്നു. പക്ഷെ പാകിസ്ഥാന്‍ സെമിയിലെത്താനുള്ള സാധ്യത വിരളമാണ്. പാകിസ്ഥാന്റെ ഈ അവസ്ഥയ്ക്കു കാരണം ഇന്ത്യയാണെന്നാണ് ഫഖര്‍ സമാന്‍ പറയുന്നത്.

ലോകകപ്പിലെ ഓരോ ജയവും നിങ്ങള്‍ക്കു ആത്മവിശ്വാസം നല്‍കും. ഞങ്ങള്‍ ഈ വിജയത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. ഞങ്ങള്‍ താളം വീണ്ടെടുക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയുമായുള്ള കളിയില്‍ ബാറ്റിംഗിലും ബോളിംഗിലും പാക് ടീമ തിരിച്ചുവരവ് നടത്തിയിരുന്നു. ടീം കോമ്പിനേഷനുകള്‍ ഞങ്ങള്‍ക്കു ഇപ്പോള്‍ ശരിയായി വന്നിരിക്കുകയാണ്.

എട്ടു വര്‍ഷത്തോളമായി ഞാന്‍ ഈ ഡ്രസിംഗ് റൂമിന്റെ ഭാഗമാണ്. ഈ ടീം ഇനിയും മെച്ചപ്പെടും. ഇന്ത്യയോടേറ്റ പരാജയം ഇപ്പോഴും ഞങ്ങളെ വേട്ടയാടുകയാണ്. ഇന്ത്യ-പാകിസ്താന്‍ മല്‍സരമെന്നത് തീര്‍ച്ചയായും വളരെ വലുതാണ്. അവരോടേറ്റ പരാജയം ഞങ്ങളില്‍ വ്യത്യാസമൊന്നും ഉണ്ടാക്കിയിട്ടില്ലെന്നു പറഞ്ഞാല്‍ അതു കള്ളമായിരിക്കും- ഫഖാര്‍ പറഞ്ഞു.