ഏകദിന ലോകകപ്പ്: ഐസിസി ശ്രീലങ്കയെ മാത്രമല്ല ഇന്ത്യയെയും വിലക്കണം, പാകിസ്ഥാനും മുങ്ങി നടക്കുകയാണ്

ക്രിക്കറ്റ് ബോര്‍ഡില്‍ സര്‍ക്കാര്‍ ഇടപെടല്‍ ചൂണ്ടിക്കാട്ടി ശ്രീലങ്കന്‍ ക്രിക്കറ്റിനെ വിലക്കിയ ഐസിസി നടപടിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. സര്‍ക്കാര്‍ ഇടപെടല്‍ ചൂണ്ടിക്കാട്ടി ശ്രീലങ്കയെ വിലക്കാമെങ്കില്‍ ഇന്ത്യയെയും വിലക്കണമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മകനാണ് ബിസിസിഐ സെക്രട്ടറി എന്നത് ഐസിസി മറന്നുപോയോ എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് മേലുള്ള പാക് സര്‍ക്കാരിന്റെ ഇടപെടലും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. സര്‍ക്കാര്‍ ഇടപെടലില്‍ ദിവസവും പുതിയ ബോര്‍ഡ് രൂപീകരിക്കുന്ന പാകിസ്ഥാന്‍ ശിക്ഷിക്കപ്പെടുന്നില്ലല്ലോ എന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. വനിതാ ടീമില്ലാത്ത അഫ്ഗാനിസ്ഥാന് സ്‌കോട്ട് ഫ്രീ കളിക്കാന്‍ അനുമതിയുണ്ട് എന്നതും ലങ്കയ്‌ക്കെതിരായ നടപടിയെ ചോദ്യം ചെയ്ത് വിമര്‍ശകര്‍ ചോദിക്കുന്നു.

ക്രിക്കറ്റ് ബോര്‍ഡുകളില്‍ സര്‍ക്കാര്‍ ഇടപെടല്‍ പാടില്ലെന്ന ഐസിസി ചട്ടം ലംഘിച്ചതിനാലാണ് ശ്രീലങ്കന്‍ ബോര്‍ഡിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിലെ ദയനീയ പ്രകടനത്തിനു പിന്നാലെ എസ്എല്‍സിയെ സര്‍ക്കാര്‍ പിരിച്ചുവിടുകയും പകരം മുന്‍ ശ്രീലങ്കന്‍ താരം അര്‍ജുന രണതുംഗയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണ സമിതിക്കു ചുമതല നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കോടതി ഈ നടപടി സ്റ്റേ ചെയ്തു. ലോകകപ്പിലെ ഒന്‍പതില്‍ ഏഴ് മത്സരങ്ങളിലും ശ്രീലങ്ക തോറ്റിരുന്നു.

നിയമം ലംഘിക്കുന്ന സമീപനമാണ് ശ്രീലങ്കന്‍ ക്രിക്കറ്റിലുണ്ടായതെന്ന് ഐസിസി സമിതി കണ്ടെത്തി. ഇതോടെ ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഒരറിയിപ്പുണ്ടാകുന്നതുവരെ ശ്രീലങ്കയ്ക്ക് കളിക്കാനാവില്ല.